പാലക്കാട്: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും ആയ എം ചന്ദ്രന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കുറച്ചുനാളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ആലത്തൂരില്‍ നിന്ന് രണ്ട് തവണ തുടര്‍ച്ചയായി എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എം ചന്ദ്രന്‍. പാലക്കാട് ജില്ലയിലെ സിപിഎമ്മിന്റെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു.
പാലക്കാട് ജില്ലയുടെ മലപ്പുറം അതിര്‍ത്തി ഗ്രാമമായ ആനയ്ക്കരയില്‍ ആയിരുന്നു ജനനം. എസ്ഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്എഫിലൂടേയും ഡിവൈഎഫ്‌ഐയുടെ ആദ്യരൂപമായ കെഎസ് വൈഎഫിലൂടേയും ആയിരുന്നു രാഷ്ട്രീയ പ്രവേശനം. സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചു.
2006 ലും 2011 ലും ആയിരുന്നു എം ചന്ദ്രന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2006 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഭൂരിപക്ഷം സ്വന്തമാക്കിയ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. 47671 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.
വിഎസ് അച്യുതാനന്ദനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ശക്തനായിരുന്ന കാലത്തായിരുന്നു അദ്ദേഹത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. അക്കാലത്ത് എസ് ശര്‍മയും എം ചന്ദ്രനും ആയിരുന്നു വിഎസിനോട് ഏറ്റവും അടുപ്പമുള്ള നേതാക്കള്‍.
ചെറുപ്പകാലം മുതലേ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു എം ചന്ദ്രന്‍. കെഎസ്എഫ് താലൂക്ക് സെക്രട്ടറിയായാണ് നേതൃത്വത്തിലേക്ക് എത്തുന്നത്. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം സിപിഐഎം സംസ്ഥാന സമിതി അംഗമായിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ ആയിരുന്നു ഇദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ നിന്ന് നീക്കിയത്.
എം കൃഷ്ണന്റേയും കെപി അമ്മുക്കുട്ടിയുടേയും മകനാണ് എം ചന്ദ്രന്‍. 1946 ജൂലായ് 15 ന് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ആയിരുന്നു ജനനം. ഭാര്യ കെ കോമളവല്ലി. മക്കള്‍: എംസി ആഷി, എംസി ഷാബി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...