Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊലക്കേസ്; 'പ്രതിക്ക് മാനസിക പ്രശ്നമില്ല'; ലഹരിയും ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്

Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിയെ റിമാൻഡ് ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jan 17, 2025, 09:57 PM IST
  • സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
  • പ്രതിയെകൂടുതല്‍ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണം എന്നു കാണിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യവും പൊലീസ് മുന്നോട്ടുവെച്ചിരുന്നു
Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊലക്കേസ്; 'പ്രതിക്ക് മാനസിക പ്രശ്നമില്ല'; ലഹരിയും ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്

കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസികപ്രശ്‌നങ്ങള്‍ ഇല്ലെന്നും കൂടുതല്‍ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണം എന്നും കാണിച്ച് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വൈകുന്നേരം ആറരയോടെയാണ് ഋതുവിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. ചോദ്യംചെയ്യലില്‍ ഋതു കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മുനമ്പം ഡി.വൈ.എസ്.പി. എസ്. ജയകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുന്നുണ്ടെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. 'ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. കാര്യങ്ങളൊക്കെ പറയുന്നുണ്ട്. അക്കാര്യങ്ങളൊക്കെ സത്യമാണോ അല്ലയോ എന്ന് പരിശോധിക്കണം. വിശദമായ ചോദ്യംചെയ്യലും പരിശോധനകളും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ നടത്താനാവൂ. ഇന്നലെ ഋതു വീട്ടില്‍തന്നെ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെ എപ്പോഴെങ്കിലും പുറത്ത് പോയിരുന്നോ ഇല്ലയോ എന്ന് പരിശോധിച്ച് വരികയാണ്,' എസ്. ജയകൃഷ്ണന്‍ പറഞ്ഞു.

'വൈദ്യപരിശോധനയില്‍ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യംചെയ്യലില്‍ ഋതു പോലീസിനോട് വെളിപ്പെടുത്തിയത്. ബെംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഋതു കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കൃത്യം നടത്തിയ ശേഷം ബൈക്കില്‍ സഞ്ചരിച്ച പ്രതിയെ പന്തികേട് തോന്നിയതിനാല്‍ പോലീസ് തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. നാലുപേരെ കൊന്നുവെന്നും അത് അറിയിക്കാനായി പോലീസ് സ്‌റ്റേഷനിലേക്ക് വരികയായിരുന്നു എന്നുമാണ് ഋതു പോലീസിനോട് പറഞ്ഞത്. പിന്നാലെ പോലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

സ്‌റ്റേഷനില്‍ എത്തിച്ച പ്രതി ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് ഇയാള്‍ ഉത്തരം നല്‍കിയിരുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32), എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ചേരാനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News