തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി പോലീസ്. രാഷ്ട്രീയ സ്വാധീനത്തിൽ വിലസിയ 557
ക്രിമിനലുകളെ ഗുണ്ടാലിസ്റ്റിൽപെടുത്തിയും 701 പേർക്കെതിരെ കാപ്പ നിരോധന നിയമപ്രകാരവും കേസെടുത്തും പോലീസ് ഗുണ്ടാ വേട്ട ശക്തിപ്പെടുത്തി.
പത്തനംതിട്ടയിൽ 171 പേരെയും തിരുവനന്തപുരത്ത് 98 സ്ഥിരം കുറ്റവാളികളെയുമാണ് ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുറ്റവാളികൾക്കെതിരെ നടപടികൾ ശക്തിപ്പെടുത്തുമെന്നും കൂടുതൽ കുറ്റവാളികളെ ഉൾപ്പെടുത്തി ഗുണ്ടാപട്ടിക പുതുക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുണ്ടകൾ വിഹരിക്കുന്ന എല്ലായിടങ്ങളിലും നടപടികൾ ശക്തിപ്പെടുത്തുകയാണ് പോലീസ്. ഗുണ്ടാവിളയാട്ടങ്ങൾ തടയുന്നതിനും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മൂക്കുകയറിടുകയുമാണ് ലക്ഷ്യം. ഇതു കൂടാതെ രാഷ്ട്രീയ സ്വാധീനത്തിൽ പല കേസുകളിലും പ്രതികളായവർ സംസ്ഥാനത്ത് വിലസി നടക്കുന്നുമുണ്ട്. ഇവരെ കൂടി പിടികൂടുന്നതിനാണ് പോലീസ് നടപടികൾ ശക്തിപ്പെടുത്തിയത്.
ഗുണ്ടാ പട്ടികയിൽ രാഷ്ട്രീയ ക്രിമിനലുകൾ വർധിച്ചു വരികയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയ പുതിയ ഗുണ്ടകളുടെ എണ്ണം 98 ആയി. കൊച്ചിയിൽ 41 പേരും കോഴിക്കോട് 26 പേരെയുമാണ് പുതുതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. കൊല്ലത്ത് 53 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആലപ്പുഴയിൽ 64 പേർ ഗുണ്ടാപട്ടികയിൽ പുതുതായി ഉൾപ്പെട്ടു. കോട്ടയത്ത് 30 പേരെയും തൃശൂരിൽ 41 പേരെയും ഗുണ്ടാപട്ടികയിൽ ചേർത്ത് നടപടികളെടുത്തു. പാലക്കാട് 21 പേരെയും മലപ്പുറത്ത് 15 പേരെയും ഗുണ്ടാ പട്ടികയിൽ ചേർത്തു. കോഴിക്കോട് 26 ഉം വയനാട് 20 ഉം ആണ് പുതുതായി ലിസ്റ്റിൽ ഉൾപ്പട്ടെ ക്രിമിനലുകൾ.
നടപടികൾ വിപുലമാക്കുന്നതിന്റെ ഭാഗമായി റേഞ്ച് ഡി.ഐ.ജി മാരുടെ മേൽനോട്ടത്തിലുള്ള സെല്ലുകളുടെ ചുമതലയിൽ സ്റ്റേഷനുകളിലെ ഗുണ്ടാ ലിസ്റ്റ് പുതുക്കി. കുറ്റവാളികളുടെ ഏഴ് വർഷം വരെയുള്ള കേസ് ചരിത്രം ശേഖരിക്കാനും പോലീസ് തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഗുണ്ടാ ലിസ്റ്റ് ഉണ്ടാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടാറില്ലെന്ന് നേരത്തെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് മാധ്യമങ്ങളിലുൾപ്പടെ നിരന്തരം വാർത്തകൾ വന്നതോടെയാണ് ഡി.ഐ.ജി മാരുടെ മേൽനോട്ടത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി പ്രത്യേക സെല്ലിന് രൂപം നൽകിയത്. ഗുണ്ടകൾക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും വിതരണക്കാരുമായ സ്ഥിരം ക്രിമിനലുകളെയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി.
ALSO READ : Operation Kaval: പൊലീസ് പരിശോധന ശക്തമല്ലെന്ന് ആക്ഷേപം; സംസ്ഥാനത്ത് അഴിഞ്ഞാടി ഗുണ്ടകൾ; അക്രമ സംഭവങ്ങൾ ഇങ്ങനെ!
അതേസമയം, കാപ്പ ചുമത്തിയ 179 പേർക്കെതിരെ സി.ആർ.പി.സി 107 പ്രകാരം കേസെടുക്കുകയും ചെയ്തു. ഇവരെ ജില്ലാ മജിസ്ട്രേറ്റിന് ഒരു വർഷം വരെ നാടുകടത്താൻ അനുമതിയുണ്ട്. 93 പേർക്കെതിരെ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിലാക്കി മറ്റു നടപടികൾ സ്വീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 23 ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. കാപ്പ ചുമത്താനുള്ള അപേക്ഷകളിൽ വേഗത്തിൽ നടപടികൾ ആരംഭിക്കാൻ ചീഫ് സെക്രട്ടറി കളക്ടർമാർക്ക് നിർദ്ദേശം നൽകി. കളക്ടർമാരുടെ സംയുക്ത യോഗം വിളിച്ചാണ് ചീഫ് സെക്രട്ടറി ഇതിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.