India Vs Bangladesh 2nd Test: ബംഗ്ലാ കടുവകളെ നിലംതൊടാതെ പറപ്പിച്ച് ഇന്ത്യന്‍ തേരോട്ടം; രണ്ടാമിന്നിങ്‌സിലും ജെയ്‌സ്വാളിന് ഫിഫ്റ്റി, ത്രസിപ്പിക്കുന്ന ജയം

India Vs Bangladesh 2nd Test: ആദ്യ ഇന്നിങ്സിൽ ടോപ് സ്കോറർ ആയിരുന്ന യശസ്വി ജെയ്സ്വാൾ തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ടിന്നിങ്സിലും ജെയ്സ്വാൾ അർദ്ധ സെഞ്ച്വറി നേടി.

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 02:42 PM IST
  • യശസ്വി ജെയ്സ്വാൾ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടി
  • ശുഭ്മാൻ ഗിൽ മാത്രമാണ് പ്രകടനത്തിൽ അൽപമെങ്കിലും പിന്നാക്കം നിന്നത്
India Vs Bangladesh 2nd Test: ബംഗ്ലാ കടുവകളെ നിലംതൊടാതെ പറപ്പിച്ച് ഇന്ത്യന്‍ തേരോട്ടം; രണ്ടാമിന്നിങ്‌സിലും ജെയ്‌സ്വാളിന് ഫിഫ്റ്റി, ത്രസിപ്പിക്കുന്ന ജയം

കാണ്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ വിരസതകള്‍ കാറ്റില്‍ പറപ്പിച്ച് ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാ കടുവകളെ തറപറ്റിച്ചത്. രണ്ട് ഇന്നിങ്‌സുകളിലും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് തടയിടാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഇതോടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

മഴമുടക്കിയ ആദ്യ ദിനങ്ങള്‍ മത്സരം സമനിലയിലേക്ക് എത്തിക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. ബാംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് 233 ന് അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തനിസ്വരൂപം പ്രകടമായി. ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴയോടെ ഇന്ത്യ 285 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 146 റണ്‍സിന് ചുരുട്ടിക്കെട്ടുകയും ചെയ്തു.

ഒന്നാം ഇന്നിങ്‌സില്‍ 52 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്ന ഇന്ത്യയ്ക്ക് പിന്നീട് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 95 റണ്‍സ്. 17.2 ഓവറില്‍ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്ത് ഇന്ത്യ വിജയക്കൊടി പാറിച്ചു. ബംഗ്ലാ ബൗളര്‍മാരെ വീണ്ടും അസ്തപ്രഞ്ജരാക്കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീമിലെ ടോപ് സ്‌കോറര്‍ ആയിരുന്ന യശസ്വി ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സിലും തീപ്പൊരിയായി. ആദ്യ ഇന്നിങ്‌സില്‍ 51 പന്തില്‍ 72 റണ്‍സ് ആയിരുന്നു നേടിയത് എങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ 45 പന്തില്‍ 51 റണ്‍സ് നേടി രണ്ടാം അര്‍ദ്ധസെഞ്ച്വറിയും തികച്ചു. ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയ വിരാട് കോലിയും മോശമാക്കിയില്ല. 37 പന്തില്‍ 29 റണ്‍സെടുത്ത് കോലിയും ഫോം തെളിയിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്‍ 10 പന്തില്‍ ആറ് റണ്‍സെടുത്തും പുറത്തായി. മെഹിദി ഹാസന്‍ മിറാസിനാണ് രണ്ട് വിക്കറ്റുകള്‍. തെയ്ജുല്‍ ഇസ്ലാം ഒരു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യന്‍ ബൗളര്‍മാരുടെ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബംഗ്ലാ കടുവകള്‍ ഒരുപാട് യജ്ഞിച്ചു. എന്നാല്‍ അവരുടെ രണ്ടാം ഇന്നിങ്‌സ് 146 ല്‍ ഒതുങ്ങി. 50 റണ്‍സ് നേടിയ ഷദ്ജാന്‍ ഇസ്ലാം ആണ് ടോപ് സ്‌കോറര്‍. 37 റണ്‍സ് നേടി മുുഷ്ഫിക്കര്‍ റഹീം, 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, 10 റണ്‍സ് നേടിയ സാക്കിര്‍ ഹാസന്‍ എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബൂംറയും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആകാശ് ദീപ് ശേഷിക്കുന്ന ഒരു വിക്കറ്റും സ്വന്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News