കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മഴയിലെ അമ്ളസാന്നിധ്യമളക്കാൻ കൊച്ചി സാങ്കേതിക സർവകലാശാല നടത്തിയ അവലംബിച്ച സാമ്പിളിങ്ങ് രീതിയിൽ വൻപിഴവുണ്ടെന്ന് വിദഗ്ധർ. കുസാറ്റ് അവലംബിച്ച സാമ്പ്ളിങ്ങ് രീതി അനുമാനങ്ങൾക്ക് ചേർന്നതല്ലെന്ന് ഡോ.എ.രാജഗോപാൽ കമ്മത്ത് സീ മലയാളം ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരമണിയോടെ പെയ്ത മഴയുടെ ആദ്യ തുള്ളികൾ വൈറ്റിലയിൽ നിന്നും ശേഖരിച്ച് പരിശോധിച്ചതിൽ നിന്നാണ് മഴയിലെ ആസിഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
കൊച്ചി സാങ്കേതിക സർവകലാശാലയിൽ നടത്തിയ പരീക്ഷണത്തിൽ കൊച്ചിയിൽ പെയ്ത മഴയിൽ അമ്ളസാന്നിധ്യമില്ലെന്നാണ് കണ്ടെത്തൽ. അതേസമയം ബ്രഹ്മപുരം കത്തിയെരിഞ്ഞപ്പോൾ വമിച്ച പുകയും വ്യവസായശാലകളിൽ നിന്നുമുള്ള മാലിന്യ പുകയും മറ്റ് മാലിന്യങ്ങളും തെക്കു പടിഞ്ഞാറൻ ദിശയിലേയ്ക്കാണ് പ്രധാനമായും പരക്കുന്നത്. കുസാറ്റ് സ്ഥിതിചെയ്യുന്നതാകട്ടെ വടക്ക് ദിശയിലും. അതുകൊണ്ട് തന്നെ കുസാറ്റ് മേഖലയിലേക്ക് രാസമാലിന്യം പരക്കാനുള്ള സാധ്യത വളരെ കുറവാണ്. കുസാറ്റ് അവലംബിച്ച സാമ്പ്ളിങ്ങ് രീതി അനുമാനങ്ങൾക്ക് ചേർന്നതല്ലെന്ന് മാത്രമല്ല കൊച്ചിയിൽ അമ്ളമഴയുണ്ടായില്ല എന്നു പറയാനുള്ള അടിസ്ഥാന വിവരവുമല്ലെന്ന് ശാസ്ത്രസാഹിത്യകാൻ ഡോ.എ.രാജഗോപാൽ കമ്മത്ത് പറഞ്ഞു.
കൊച്ചിയിലെ ഒരുപ്രദേശത്ത് നിന്ന് മാത്രം സാമ്പിൾ ശേഖരിച്ചല്ല അമ്ള മഴയളക്കേണ്ടത്. കൊച്ചിയുടെ വിവിധഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ശരിയായ രീതിയിൽ സാമ്പിൾ ശേഖരിക്കണമായിരുന്നു. തികച്ചും അശാസ്ത്രീയമായ രീതിയും അനുമാനവുമാണ് കുസാറ്റ് ഇക്കാര്യത്തിൽ അവലംബിച്ചിരിക്കുന്നതെന്നും ഡോ.എ.രാജഗോപാൽ കമ്മത്ത് കുറ്റപ്പെടുത്തി.
ഗുരുതരമായ ഈ പ്രശ്നത്തെ സർക്കാർ ഏജൻസികൾ അന്വേഷിച്ച് ഈ വിഷവാതക സ്രോതസ്സുകളെ പൂർണമായും നിർത്തലാക്കാൻ ശ്രമിക്കണമെന്ന് അമ്ല മഴ സംബന്ധിച്ച് പരിശോധിച്ച ഡോ. എ രാജഗോപാൽ കമ്മത്ത് പറഞ്ഞു. കൊച്ചിയിൽ കുറച്ചു ദിവസമായി പെയ്ത മഴയുടെ സാമ്പിൾ പരിശോധിച്ച് അമ്ള മഴ ഉണ്ടായില്ലെന്നു സ്ഥാപിക്കാൻ കൊച്ചി സാങ്കേതിക സർവകലാശാലയിലെ ചില വകുപ്പുകളും ചില സംഘടനകളും ശ്രമിക്കുന്നതിനിടെയാണ് ഡോ. എ രാജഗോപാൽ കമ്മത്ത് മഴയിലെ ആസിഡ് സാന്നിധ്യം തെളിയിക്കുന്ന പരീക്ഷണവുമായി വീണ്ടും രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...