തിരുവനന്തപുരം: മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരമൊരുക്കും. സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്‌ത, നടൻ ദിലീപ്കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ, തിരക്കഥാകൃത്ത് കെ.എസ്.സേതുമാധവൻ, നടി കെപിഎസി ലളിത തുടങ്ങി എട്ട് ചലച്ചിത്ര പ്രവർത്തകർക്കാണ് മേളയിൽ ആദരമൊരുക്കുന്നത്. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ, പി.ബാലചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
കെപിഎസി ലളിത, മാടമ്പ് കുഞ്ഞുക്കുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കെ.എസ് സേതുമാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മറുപക്കം, പി.ബാലചന്ദ്രന്റെ തിരക്കഥയിൽ പിറന്ന ഇവൻ മേഘരൂപൻ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ദിലീപ്കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ലതാ മങ്കേഷ്‌കർ പിന്നണി പാടിയതുമായ മുഗൾ-ഇ-ആസം, ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത നീം അന്നപൂർണ്ണ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. മാർച്ച് 18ന് കനക്കുന്നിലെ നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 15 തിയേറ്ററുകളിലായി 173 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് എന്നിവ ഉൾപ്പടെ എഴ് പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2015ൽ തുർക്കിയിലെ തെരഞ്ഞെടുപ്പിനിടെ ഐഎസ് ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മിഡിൽ ഈസ്റ്റ് സിനിമ അക്കാദമി പ്രവർത്തക ലിസ കലാലിനെ മേളയിൽ ആദരിക്കും. ഹോമേജ് വിഭാഗത്തിൽ ബുദ്ധദേവ് ദാസ് ഗുപ്ത, ദിലീപ് കുമാർ, ലത മങ്കേഷ്‌കർ, കെ. സേതുമാധവൻ, പി. ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നീസ് ജോസഫ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരുടെ സിനിമകൾ പ്രദർശിപ്പിക്കും.
ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ് ഇക്കുറി നടക്കുന്ന മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അഫ്ഗാൻ, ബര്‍മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഈ വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി തിയേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA