കൊച്ചി: കുസാറ്റിൽ എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെ നാല് പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ. ബിജു എന്നിവരാണ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
2023 നവംബർ 25നായിരുന്നു നാടിനെ നടക്കിയ സംഭവം. എഞ്ചിനീയറിങ് വിഭാഗം ടെക്ഫെസ്റ്റിന്റെ ഭാഗമായി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെയാണ് അപകടം. കുസാറ്റ് സിവിൽ എൻജിനിയറിങ് രണ്ടാം വർഷ വിദ്യാർഥി അതുൽതമ്പി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർഥിനി ആൻറിഫ്‌റ്റ, ഇലക്‌ട്രോണിക്‌സ് രണ്ടാം വർഷ വിദ്യാർഥിനി സാറ തോമസ്, പരിപാടി കാണാനെത്തിയ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പുള്ള അമ്പലവട്ടം തൈപ്പറമ്പിൽ ആൽബിൻ ജെ ജോസഫ് എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. 60 ൽ അധികം പേർക്ക് പരിക്കേറ്റു.
ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാവുന്നതിൽ അധികം പേരെ പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചില്ല. പൊലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിലേക്കുള്ള പ്രധാന ഗേറ്റ് മാത്രമേ തുറന്നിരുന്നുള്ളൂ. അടിയന്തര വൈദ്യസഹായത്തിന് സ്ഥലത്ത് സൗകര്യം ഏർപ്പെടുത്തിയിരുന്നില്ല. ചവിട്ടുപടികളുടെ നിർമാണത്തിലെ പോരായ്മയും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.