എന്താണ് റെഡ് കോര്‍ണര്‍ നോട്ടീസ്? വിജയ് ബാബുവിനെതിരെ ആദ്യം പുറപ്പെടുവിച്ചത് ബ്ലൂ കോര്‍ണര്‍ നോട്ടീസ്... അറിയാം ഈ നോട്ടീസുകള്‍

ഇന്റർപോൾ ആണ് ബ്ലൂ കോർണർ, റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കുന്നത്. അംഗരാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരമാണിത് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : May 23, 2022, 04:54 PM IST
  • ഇന്റര്‍പോള്‍ ആണ് റെഡ് , ബ്ലൂ കോര്‍ണര്‍ നോട്ടീസുകൾ പുറത്തിറക്കുന്നത്
  • പ്രതിയോ, പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളോ ഒളിവില്‍ പോയാല്‍ അയാളുടെ ലൊക്കേഷന്‍, ഐഡന്റിറ്റി, മറ്റ് വിവരങ്ങള്‍ തുടങ്ങിയവ അറിയുന്നതിനാണ് ബ്ലൂ കോർണർ നോട്ടീസ്
  • കുറ്റാവളി/കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആളെ പിടികൂടുന്നതിനാണ് റെഡ് കോർണർ നോട്ടീസ്
എന്താണ് റെഡ് കോര്‍ണര്‍ നോട്ടീസ്? വിജയ് ബാബുവിനെതിരെ ആദ്യം പുറപ്പെടുവിച്ചത് ബ്ലൂ കോര്‍ണര്‍ നോട്ടീസ്... അറിയാം ഈ നോട്ടീസുകള്‍

യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവും ആയ വിജയ് ബാബു ഒളിവിലാണ്. ആദ്യം യുഎഇയിലേക്ക് കടക്കുകയും പാസ്പോർട്ട് റദ്ദാക്കപ്പെടും എന്ന വിവരം ലഭിച്തിന് പിറകേ പിന്നീട് അവിടെ നിന്ന് ജോര്‍ജ്ജിയയിലേക്കും കടന്നു എന്നാണ് വിവരം. വിജയ് ബാബുവിനെ പിടികൂടുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്റര്‍ പോള്‍ ആണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുന്നത്. ഇതിന് മുമ്പായി വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും ഇന്റര്‍പോള്‍ പുറത്തിറക്കിയിരിക്കുന്നു. ഇങ്ങനെ, നിറങ്ങളുടെ പേരിലുള്ള നോട്ടീസുകള്‍ എന്നൊക്കെ കാണുമ്പോള്‍, അത് എന്താണെന്ന സംശയം പലര്‍ക്കും തോന്നാം. എന്താണ് റെഡ് കോര്‍ണര്‍ നോട്ടീസ്, എന്താണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്? പരിശോധിക്കാം...

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഐസിപിഒ ആണ് ഇന്റര്‍പോള്‍ (Interpol) എന്ന പേരില്‍ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള പോലീസ് സേനകള്‍ തമ്മില്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇന്റര്‍പോള്‍ നടത്തുന്നത്. ഫ്രാന്‍സിലെ ലിയോണിലാണ് ഇന്റര്‍പോളിന്റെ ആസ്ഥാനം. 195 അംഗരാജ്യങ്ങളാണ് ഇന്റര്‍പോളില്‍ ഉള്ളത്. 

Read Also: പെൺകുട്ടികളെ ദുരുപയോഗിച്ചതിന് തെളിവ്; വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

കുറ്റവാളികള്‍ രാജ്യം വിട്ടുപോകുമ്പോള്‍ പോലീസിന് പിടികൂടുക ഏറെക്കുറേ അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടാറുള്ളത്. വിജയ് ബാബു നിലവില്‍ കുറ്റവാളിയെന്ന് പറയാന്‍ ആവില്ല. കേസില്‍ കോടതി ശിക്ഷിക്കുന്നത് വരെ അദ്ദേഹം പ്രതി മാത്രമാണ്. എന്നിരുന്നാലും, ഇത്തരം കേസുകളിലും ഇന്റര്‍പോളിന്റെ സഹായം ലഭിക്കാറുണ്ട്.

1. ബ്ലൂ കോര്‍ണര്‍ നോട്ടീസ് (Blue Corner Notice)

വിജയ് ബാബുവിനെതിരെ ആദ്യം ഇന്റര്‍പോള്‍ പുറപ്പെടുവിച്ചത് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ആയിരുന്നു. ബ്ലൂ കോര്‍ണര്‍ നോട്ടീസ് എന്നത് ഒരു എന്‍ക്വയറി (അന്വേഷണ) നോട്ടീസ് മാത്രമാണ്. പ്രതിയോ, പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളോ ഒളിവില്‍ പോയാല്‍ അയാളുടെ ലൊക്കേഷന്‍, ഐഡന്റിറ്റി, മറ്റ് വിവരങ്ങള്‍ തുടങ്ങിയവ അറിയുന്നതിനാണിത്. ഇങ്ങനെ ഒരു നോട്ടീസ് ഇന്റര്‍പോള്‍ പുറത്തിറക്കിയാല്‍, അംഗരാജ്യങ്ങള്‍് വിവരങ്ങള്‍ കൈമാറിയേ മതിയാകൂ എന്നാണ് ചട്ടം. ഒരേ സമയം ഒന്നിലധികം വ്യക്തികള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന് സാധിക്കും. 

2. റെഡ് കോര്‍ണര്‍ നോട്ടീസ് (Red Corner Notice)

ബ്ലൂ കോര്‍ണര്‍ നോട്ടീസ് പ്രസ്തുത വ്യക്തിയുടെ വിവരങ്ങള്‍ മാത്രമാണ് തേടുന്നത് എങ്കില്‍, കുറച്ചുകൂടി മുന്നോട്ട് പോകും റെഡ് കോര്‍ണര്‍ നോട്ടീസ്. കുറ്റാവളി/കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആളെ പിടികൂടുന്നതിനായിട്ടാണ് ഇത്. കുറ്റം നടന്ന രാജ്യത്തിന് പ്രതിയെ കൈമാറുക എന്ന ഉദ്ദേശത്തോടെയാണ് അറസ്റ്റ് നടക്കുക. 

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെയാണ് സാധാരണ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാറുള്ളത്. എന്നാല്‍ അല്ലാത്ത സാഹചര്യങ്ങളും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ഇത്തരമൊരു നോട്ടീസ് പുറപ്പെടുവിച്ചു എന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാണെന്ന് പറയാന്‍ ആവില്ല. കുറ്റവാളികളെ കൈമാറുന്നതിന് കരാര്‍ ഇല്ലാത്ത രാജ്യങ്ങളാണെങ്കില്‍ പോലും ഇന്റര്‍പോള്‍ അംഗങ്ങളാണെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസിന് പ്രസക്തിയുണ്ട്.

ഇന്റര്‍പോളിന്റെ നാല് ഔദ്യോഗിക ഭാഷകളില്‍ ആണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ് എന്നിവയാണ് ആ ഭാഷകള്‍. അംഗരാജ്യത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ജനറല്‍ സെക്രട്ടേറിയറ്റ് ആണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. റെഡ് കോര്‍ണര്‍ നോട്ടീസ് എന്നത് ഒരു അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അല്ലെന്നും ഇന്റര്‍പോള്‍ വ്യക്തമാക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News