കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി; അഞ്ച് മണിക്കൂറിനുള്ളിൽ പാറശാലയിൽ നിന്ന് കണ്ടെത്തി പോലീസ്, ഒരാളെ അറസ്റ്റ് ചെയ്തു

Child Kidnapped: കെ‍ാട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2022, 11:22 AM IST
  • ആറം​ഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്
  • ഇതിൽ ഒരാളെ പോലീസ് പിടികൂടി
  • ബാക്കിയുള്ളവർ രക്ഷപ്പെട്ടു
  • ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി
കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി; അഞ്ച് മണിക്കൂറിനുള്ളിൽ പാറശാലയിൽ നിന്ന് കണ്ടെത്തി പോലീസ്, ഒരാളെ അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലത്ത് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കടന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കെ‍ാട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയത്. ആറം​ഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരാളെ പോലീസ് പിടികൂടി. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് അഞ്ച് മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയത്. പാറശാലയിൽ നിന്ന് രാത്രി പതിനൊന്നരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് കണ്ടെത്തുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. വൈകിട്ട് 6.30ന് ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്ത സമയത്ത് രണ്ട് കാറുകളിലായി എത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ ആറ് പേരാണോ ഒമ്പത് പേരാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

ALSO READ: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടിൽ; കുഞ്ഞിനെ വാങ്ങിയത് ഒരു ലക്ഷം രൂപയ്ക്ക്

തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. തുടർന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ള എല്ലാ കാറുകളും പരിശോധിക്കാൻ പോലീസ് സ്റ്റേഷനുകളിലേക്ക് നിർദേശം നൽകുകയായിരുന്നു. രാത്രി പത്ത് മണിയോടെ പോലീസ് സംഘം പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ച് തകർന്ന നിലയിലായിരുന്നു കണ്ടെത്തിയത്. തുടർന്ന് സമീപത്തെ ജങ്ഷനിൽ എത്തിയ സംഘം ഓട്ടോറിക്ഷയിൽ യാത്ര തുടർന്നു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലാണെന്നാണ് ഓട്ടോ ഡ്രൈവറോട് പറഞ്ഞത്.

പൂവാറിൽ വച്ച് പോലീസിനെ വെട്ടിച്ച് കടന്നതോടെ തന്നെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. രാത്രി പതിനൊന്നരയോടെ പാറശാല കോഴിവിളയ്ക്ക് സമീപം പോലീസ് ഓട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. ഓട്ടോയിൽ നിന്ന് ഇറങ്ങി ഓടിയ ഇവരിൽ ഒരാളെ പോലീസ് പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പോലീസിന്റെ പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറാപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ആഷിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News