Pakistan Crisis: നാല്പത് രൂപയുടെ ആട്ടയ്ക്ക് 150 രൂപ, പെട്രോൾ പമ്പുകൾ കാലി: ശ്രീലങ്കൻ ദുരന്തം പാകിസ്ഥാനിലും ആവർത്തിച്ചാൽ?

പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉള്‍പ്പെടെ എല്ലാത്തിനും പൊള്ളുന്ന വില. ചിലയിടങ്ങളില്‍ ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെ

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 06:55 PM IST
  • നാല്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ആട്ടയ്ക്ക് 150 രൂപവരെയാണ് വില വര്‍ധിച്ചത്
  • ഫോസില്‍ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിനും നിയന്ത്രണം കർശനമാക്കി
  • ഏകദേശം 200 കോടി രൂപ വരെ ഖജനാവിലേക്ക് എത്തിക്കാനായിരുന്നു ശ്രമം
Pakistan Crisis: നാല്പത് രൂപയുടെ ആട്ടയ്ക്ക് 150 രൂപ, പെട്രോൾ പമ്പുകൾ കാലി: ശ്രീലങ്കൻ ദുരന്തം പാകിസ്ഥാനിലും ആവർത്തിച്ചാൽ?

അസാധാരണ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ. രാജ്യാന്തര നാണ്യനിധിയിലാണ് പാകിസ്താന്റെ ഇപ്പോഴത്തെ കണ്ണ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടി ഡോളർ പാക്കേജിൽ 110 കോടി ഡോളർ കിട്ടുമെന്നാണ് പ്രതീക്ഷ.  IMF സഹായം സ്വീകരിക്കുമ്പോൾ ഉണ്ടാകാനിടയുള്ള വൻ നികുതിവർധനവ് ജനങ്ങളെ അടുത്ത പ്രതിസന്ധിയിലാക്കും. 

നാല്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ആട്ടയ്ക്ക് 150 രൂപവരെയാണ് വില വര്‍ധിച്ചത്. പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉള്‍പ്പെടെ എല്ലാത്തിനും പൊള്ളുന്ന വില. ചിലയിടങ്ങളില്‍ ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെ. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് പിന്നാലെ പായുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നമാവ് വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ജനങ്ങള്‍.

മാവ് പാക്കറ്റുകള്‍ നേരിട്ട് ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍. ട്രക്കുകളില്‍ എത്തിക്കുന്നതോ നൂറോ ഇരുനൂറോ പാക്കറ്റുകള്‍ മാത്രവും. കൊടും പട്ടിണിയിലാണ് പാകിസ്താൻ. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ക്ക് അയവ് വന്നിട്ടില്ല.  പഞ്ചാബ് മേഖലയിലെ പെട്രോൾ പമ്പുകൾ കാലിയായി. ഒരു മാസമായി ഇവിടേക്ക് ഇന്ധനമെത്തിയിട്ട്. ലാഹോറിൽ 450 പമ്പുകൾ അടച്ചുപൂട്ടി.  ഫോസില്‍ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിനും നിയന്ത്രണം കർശനമാക്കിയിട്ടുണ്ട് ഭരണകൂടം.  

പാകിസ്താനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയമാണ്. നഷ്ടം രണ്ടരലക്ഷം കോടിയിലേറെ രൂപയാണ്. ദുരന്തബാധിത മേഖലകള്‍ സാധാരണ നിലയിലാകാന്‍ പത്തുവര്‍ഷംവരെ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണ്‍ പകുതിയോടെ ആരംഭിച്ച പേമാരി ഒക്ടോബര്‍ വരെ നീണ്ടപ്പോള്‍ രാജ്യത്തിന്റെ പകുതിയിലേറെയും വെള്ളത്തിനടിയിലായി. 1700-ലധികം പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു.

രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്താന്‍ എല്ലാക്കാലവും നേരിടുന്ന വലിയ പ്രതിസന്ധി. ഒരു പാകിസ്താന്‍ പ്രധാനമന്ത്രിയും ആ കസേരയില്‍ കാലാവധി തികച്ചിട്ടില്ല.  ഭരണമാറ്റം നയംമാറ്റം കൂടിയാകുമ്പോള്‍ പ്രതിസന്ധികള്‍ ശമനമില്ലാതെ തുടരും.  ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങള്‍, നിക്ഷേപം ആകര്‍ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് എന്നിവയെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നുണ്ട്.

ജനങ്ങള്‍ ചായകുടിക്കുന്നത് കുറക്കണമെന്ന് പാകിസ്താന്‍ മന്ത്രി നിര്‍ദേശിച്ചത് അടുത്തകാലത്താണ്. ജനങ്ങള്‍ ചായ കുടിക്കുന്നത് കുറച്ചാല്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയില്‍ പാകിസ്താന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണ് മുതിര്‍ന്ന മന്ത്രി അഹ്‌സന്‍ ഇക്ബാലിന്റെ അഭിപ്രായപ്പെട്ടത്. ആഢംബര കാറുകൾ ഇറക്കുമതി ചെയ്ത് അതിൽ നിന്നുള്ള നികുതി വരുമാനവും ലക്ഷ്യംവച്ചിരുന്നു പാകിസ്താൻ. 2,200 ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്യുക വഴി എക്‌സൈസ് ഡ്യൂട്ടി, നികുതി എന്നിവ വഴി ഖജനാവിലേക്കെത്തുന്ന പണം കണ്ടായിരുന്നു നീക്കം.  ഏകദേശം 200 കോടി രൂപ വരെ  ഖജനാവിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക വീണുപോയത് നമ്മൾ കണ്ടതാണ്. സമാന സാഹചര്യമാണ് പാകിസ്താനിലും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News