IPL 2023: ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം; ഗുജറാത്തിനെ പിടിച്ചുകെട്ടാന്‍ പഞ്ചാബ്

GT vs PBKS: അവസാന മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് ഗുജറാത്തും പഞ്ചാബും ഇന്ന് ഇറങ്ങുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 02:12 PM IST
  • ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്.
  • ലിയാം ലിവിങ്സ്റ്റണ്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് പഞ്ചാബ്.
  • മൊഹാലിയില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
IPL 2023: ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം; ഗുജറാത്തിനെ പിടിച്ചുകെട്ടാന്‍ പഞ്ചാബ്

ഐപിഎല്ലില്‍ നിന്ന് പഞ്ചാബ് കിംഗ്‌സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അവസാന മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ഇരു ടീമുകളും ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 8 വിക്കറ്റിന്റെ തോല്‍വിയാണ് അവസാന മത്സരത്തില്‍ പഞ്ചാബ് ഏറ്റുവാങ്ങിയത്. ഗുജറാത്താകട്ടെ കൊല്‍ക്കത്തയുടെ റിങ്കു സിംഗിന്റെ വെടിക്കെട്ട് പ്രകടനത്തിന് മുന്നില്‍ തകരുകയും ചെയ്തു. കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 5 പന്തില്‍ 28 റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തില്‍ തുടരെ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് റിങ്കു സിംഗ് ഗുജറാത്തിനെ തകര്‍ത്തത്. ഈ മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന്‍ ഹാട്രിക് നേടുകയും ചെയ്തിരുന്നു. 

ALSO READ: സൂപ്പർ കപ്പിൽ ജയം തുടരാൻ കൊമ്പന്മാർ; എതിരാളികൾ ദക്ഷിണേന്ത്യൻ ടീം; കേരള ബ്ലാസ്റ്റേഴ്സ്-ശ്രീനിധി ഡെക്കാൻ മത്സരം എപ്പോൾ എവിടെ കാണാം?

ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് പഞ്ചാബ് ക്യാമ്പ്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 437 റണ്‍സാണ് ലിവിങ്സ്റ്റണ്‍ അടിച്ചുകൂട്ടിയത്. 182.08 ആയിരുന്നു ലിവിങ്സ്റ്റണിന്റെ സ്‌ട്രൈക്ക് റേറ്റ്. 4 അര്‍ധ സെഞ്ച്വറികളും അദ്ദേഹം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ മാത്യു ഷോര്‍ട്ടിന് പകരക്കാരനായാകും ലിവിങ്സ്റ്റണ്‍ കളത്തില്‍ ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും. പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന മൊഹാലിയിലെ പിച്ചില്‍ റബാഡ തിളങ്ങുമെന്നാണ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍.

മറുഭാഗത്ത്, ഇന്നത്തെ മത്സരത്തില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ അസുഖബാധിതനായതിനാല്‍ പാണ്ഡ്യ കളിച്ചിരുന്നില്ല. പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ് ഖാന്‍ ആയിരുന്നു ഗുജറാത്തിനെ നയിച്ചത്. പാണ്ഡ്യ തിരിച്ചെത്തുന്നതോടെ അഭിനവ് മനോഹറിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും. അല്‍സാരി ജോസഫ്, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരുടെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാകും. മത്സരത്തില്‍ രണ്ടാമത് ബൗള്‍ ചെയ്യുകയാണെങ്കില്‍ അയര്‍ലന്‍ഡിന്റെ ജോഷ് ലിറ്റില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങാനാണ് സാധ്യത.

സാധ്യതാ ടീം

പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍ (c), ഭാനുക രാജപക്‌സെ, ജിതേഷ് ശര്‍മ്മ (wk)), ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, എം.ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ (wk), ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ (c), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷാമി, ആര്‍. സായ് കിഷോര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News