തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. പരമാവധി ശിക്ഷ നൽകരുതെന്ന് നിയമമില്ലെന്ന് പറഞ്ഞ കോടതി തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. ഗ്രീഷമയ്ക്ക് പ്രായത്തിന്റെ ഇളവ് നൽകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചനയാണെന്നും പ്രകോപനം ഇല്ലാതെയാണ് കൊലപാതകം നടത്തിയതെന്നും കോടതി പറഞ്ഞു. സ്നേഹം മറയാക്കിയുള്ള ചതിയാണ് ഗ്രീഷ്മ നടത്തിയത്. പ്രായത്തിന്റെ ഇളവ് നൽകാൻ ആകില്ല. ക്രിമിനൽ പശ്ചാത്തലമില്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പാടെ തള്ളി. പ്രതി ഇതിന് മുൻപും വധശ്രമം നടത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചു. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ല. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം നടത്തിയെന്നും കോടതി പറഞ്ഞു.
ഗ്രീഷ്മക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ട്. അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും കോടതി. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗ്രീഷ്മ. അതേസമയം ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മല കുമാരനെയും മൂന്ന് വർഷം തടവു ശിക്ഷ വിധിച്ചു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
കേസന്വേഷണം സമർത്ഥമായി നടത്തിയ കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. മാറിയ കാലത്തിനനുസരിച്ച് പോലീസ് അന്വേഷണ രീതിയും മാറ്റിയെന്നും നല്ല രീതിയിൽ സാഹചര്യ തെളിവുകൾ ഉപയോഗിക്കുകയും ചെയ്തുവെന്നും കോടതി പറഞ്ഞു. വിവാഹനിശ്ചയത്തിന് ശേഷവും പ്രതി ഷാരോണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞുവെന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
സ്നേഹ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊല്ലുക എന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഷാരോൺ മരണക്കിടക്കിയിലായിരുന്നപ്പോൾ പോലും ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്ന് കോടതി വ്യക്തമാക്കി. സ്നേഹബന്ധം തുടരുമ്പോൾ തന്നെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചത്. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞ് ഷാരോണിനെ വിളിച്ചുവരുത്തി കഷായം നൽകുകയായിരുന്നു. അതിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.
വിധി പ്രസ്താവനയ്ക്ക് മുൻപുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു.
2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോൺ മരിച്ചു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവരെ ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.