പണമില്ല,എട്ടാം ക്ലാസിൽ പഠനം നിർത്തി; കടയിൽ ജോലിക്ക് പോവാൻ പറഞ്ഞു-ആലപ്പുഴ ജില്ലാ കളക്ടറുടെ ജീവിതം പാഠ പുസ്തകം

ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിൽ എത്തിയപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി.

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 04:21 PM IST
  • ഒരു പൊതു പരിപാടിയിലായിരുന്നു കളക്ടറുടെ പ്രസംഗം.
  • അധികം താമസിക്കാതെ അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു
  • ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് പകരം കൃഷ്ണ തേജയെ ആലപ്പുഴയിൽ നിയമിച്ചത്
പണമില്ല,എട്ടാം ക്ലാസിൽ പഠനം നിർത്തി; കടയിൽ ജോലിക്ക് പോവാൻ പറഞ്ഞു-ആലപ്പുഴ ജില്ലാ കളക്ടറുടെ ജീവിതം പാഠ പുസ്തകം

ആലപ്പുഴ: സിനിമയെ വെല്ലുന്ന കഥയാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ ജീവിതം എന്ന് എത്ര പേർക്കറിയാം. കുറച്ചു നാളുകളായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായത് അദ്ദേഹം പറഞ്ഞ പ്രസംഗത്തിലെ കഥയാണ്. പഠനം നിർത്തേണ്ടി വന്നതും പിന്നീട് കടയിൽ ജോലിക്ക് പോയി പഠിച്ചതുമെല്ലാം പ്രേക്ഷകർ കയ്യടിയോടെയാണ് കേട്ടിരുന്നത്.

അദ്ദേഹത്തിൻറെ വാക്കുകൾ

ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിൽ എത്തിയപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി കടയിൽ ജോലിക്ക് പോകണമെന്നും കുടുംബത്തിനെ സഹായിക്കണമെന്നു ബന്ധുക്കൾ പറഞ്ഞു. അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. എന്നാൽ പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല.

പഠനം തുടരണം അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്ന് ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ആരിൽ നിന്നും സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്.

അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ നേടി എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മിൽ ജോലി ലഭിച്ചു. ഡൽഹിയിൽ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാൾ ഐഎഎസ് കോച്ചിങ്ങിന് പോയിരുന്നു. എനിക്ക് അന്ന് ഐ.എ.എസ്. എന്താണെന്ന് പോലും അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാൻ ഒരു കൂട്ട് വേണം. തുടർന്ന് ഐ.എ.എസ്. പരിശീലനത്തിന് എന്നെ നിർബന്ധിച്ച് ചേർത്തു.

പഠനം ആരംഭിച്ചപ്പോൾ എനിക്ക് മനസിലായി ഐ.എ.എസ് കേവലം ഒരു ജോലിയല്ലെന്നും അത് ഒരു സേവനമാണെന്നും. ആദ്യത്തെ ശ്രമത്തിൽ തോറ്റു. അതോടെ ജോലി ചെയ്ത് പഠിക്കാൻ സാധിക്കില്ലെന്ന് മനസിലായി. ആദ്യ തോൽവിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാൻ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയിൽ പരാജയപ്പെട്ടു. പത്താംക്ലാസിലും ഇന്റർമീഡിയറ്റിലും എഞ്ചിനീയറിങ്ങിലും ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. പക്ഷേ, മൂന്ന് പ്രാവശ്യവും ഐ.എ.എസിൽ പരാജയപ്പെട്ടു.

മൂന്ന് പരാജയങ്ങൾക്ക് ശേഷം എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ ആത്മവിശ്വാസം പൂജ്യമായി. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് ആലോചിച്ചു. ഏകദേശം 30 ദിവസത്തോളം ആചോചിച്ചിട്ടും എന്തുകൊണ്ടാണ് തോറ്റു പോയതെന്നതിന് ഉത്തരം ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് സുഹൃത്തുക്കളോടും ചോദിച്ചു. നിങ്ങൾക്ക് കഴിവുണ്ട്, ബുദ്ധിയുണ്ട് എന്നിട്ടും എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ഞങ്ങൾക്കും അറിയില്ലെന്നാണ് സുഹൃത്തുക്കൾ മറുപടി പറഞ്ഞത്.

പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനേക്കുറിച്ചും ഞാൻ ആലോചിച്ചു. ഐടി കമ്പനിയിൽ ഇന്റർവ്യൂവിന് പോയ എനിക്ക് ജോലി ലഭിച്ചു. ആതോടെ ഐ.എ.എസ്. പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. പിറ്റേദിവസം മൂന്ന് പേർ എന്റെ മുറിയിലെത്തി എന്നെ കണ്ടു. എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവർ പറഞ്ഞു. കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കമ്പനിയിൽ ജോലിക്ക് ചേർന്നത് ശരിയായ തീരുമാനമാണെന്ന് അവർ പറഞ്ഞു.

 

എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് അവരോട് തിരിച്ച് ചോദിച്ചു. അവർ ഉടൻ തന്നെ മൂന്ന് കാരണങ്ങൾ പറഞ്ഞു. ഐ.എ.എസ്. ലഭിക്കാൻ എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ നല്ല മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. നീ സ്ട്രെയിറ്റ് ഫോർവേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കൺവിൻസിങ്ങായും ഉത്തരം എഴുതണം.

അവർ ഈ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുപോയി. അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. നിങ്ങൾക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കിൽ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കിൽ ശത്രുക്കളോട് ചോദിക്കുക. തുടർന്ന് കൈയക്ഷരം നന്നാക്കാൻ ഞാൻ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങൾ മനോഹരമാക്കാനും പഠിച്ചു. ഒടുവിൽ എന്റെ പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിൻ പാസായി, ഇന്റർവ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി.

ഒരു പൊതു പരിപാടിയിലായിരുന്നു കളക്ടറുടെ പ്രസംഗം. അധികം താമസിക്കാതെ അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് പകരം കൃഷ്ണ തേജയെ ആലപ്പുഴയിൽ നിയമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News