മുംബൈ: നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ കേസിലെ യഥാർത്ഥ പ്രതിയെ പിടികൂടിയതായി മുംബൈ പൊലീസ്. മുഹമ്മദ് സജ്ജദ് എന്നയാളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ബിജോയ് ദാസ് എന്നാണ് തന്റെ പേരെന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലിലാണ് യഥാർത്ഥ പേര് പറഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് ഇയാൾ എന്നാണ് വിവരം. ഇന്ന് 9 മണിക്ക് മുംബൈ പൊലീസ് വാർത്താ സമ്മേളനം നടത്തിയേക്കുമെന്നാണ് സൂചന.
ബാന്ദ്രയിലെ അപാർട്ട്മെന്റിൽ പ്രതി നേരത്തെ ജോലി ചെയ്തിരുന്നതിനാൽ ഇയാൾക്ക് സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ മുംബൈയിൽ എത്തിച്ചു. ആക്രമണം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പുറത്തേക്ക് പോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. സെയ്ഫ് അലി ഖാന്‍റെ വീട് മുതല്‍ ബാന്ദ്ര വരെയും അവിടുന്ന് വസായി വരെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും 500ലധികം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ദാദറില്‍ മൊബൈല്‍ നോക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് കരീന കപൂര്‍ മൊഴി നല്‍കിയതോടെ മോഷണമല്ലാതെ മറ്റുസാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം പ്രതിയുടെ രൂപ സാദൃശ്യമുള്ള ഒരാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. കേസില്‍ ഇന്നലെ പ്രതിയോട് രൂപസാദൃശ്യമുള്ള രണ്ടുപേര്‍ പോലീസ് പിടിയിലായിരുന്നു. ഒരാളെ മധ്യപ്രദേശില്‍ നിന്നും മറ്റൊരാളെ ഛത്തീസ്ഗഡില്‍ നിന്നുമാണ് പിടികൂടിയത്.
മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലി ഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നട്ടെല്ലിനടുത്തായി കുത്തേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റ് പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ചെയ്തു. ആറ് തവണയാണ് സെയ്ഫിന് കുത്തേറ്റത്.
മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്നാണ് സെയ്ഫ് അലി ഖാന്റെ മക്കളുടെ ആയ മലയാളി ഏലിയാമ്മ ഫിലിപ്പ് പോലീസിന് മൊഴി നൽകിയത്. ഇവരാണ് പ്രതിയെ ആദ്യം കണ്ടതും നേരിട്ടതും. സെയ്ഫ് അലി ഖാന്റെ ഇളയ മകനെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. ചെറുക്കാൻ ശ്രമിച്ചതോടെ തന്നെയും ആക്രമിച്ചു. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പണം വേണമെന്ന് പറഞ്ഞു. എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒരു കോടിയെന്ന് പറഞ്ഞതായും ഏലിയാമ്മ പോലീസിൽ മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.