തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്ന് പറഞ്ഞ കോടതി തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 25നാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. കേസിന്റെ നാൾവഴി നോക്കാം...
2022 ഒക്ടോബര്‍ 13 - ശാരീരിക ബന്ധത്തിലേർപ്പെടാം എന്ന് പറഞ്ഞ ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിക്കുന്നു. അടുത്തദിവസം അമ്മ കല്യാണത്തിന് പോകുമെന്നും 10.30-ഓടെ വീട്ടിലേക്ക് എത്തണമെന്നും പറഞ്ഞു.
ഒക്ടോബര്‍ 14 - 10.30ഓടെ എത്തിയ ഷാരോണിന് ഗ്രീഷ്മ വിഷം കലർത്തിയ ജ്യൂസും കഷായവും നൽകി. വൈകിട്ടോടെ ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവുമുണ്ടായതിനെ തുടര്‍ന്ന് ഷാരോൺ ആശുപത്രിയിലായി.
ഒക്ടോബർ 15 - ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഷാരോണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു.
അന്ന് രാത്രിയോടെ ഡിസ്ചാർജ് ചെയ്തപ്പോൾ വലിയതുറയിലെ ബന്ധുവീട്ടിലേക്ക് പോകുന്നു.
ഒക്ടോബർ 16 - വായ്ക്കുള്ളില്‍ വ്രണങ്ങള്‍ കണ്ടു. തുടര്‍ന്ന് ഇ.എന്‍.ടി. ഡോക്ടറെ കണ്ട് ചികിത്സ തേടി. എന്നാല്‍ ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിക്കാന്‍ ഷാരോണിന് സാധിച്ചില്ല.
ഒക്ടോബർ 17 - ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ ഷാരോണിനെ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നു. രാത്രിയില്‍ ഡയാലിസിസ് നടത്തി.
ഒക്ടോബർ 18 - മറ്റെന്തെങ്കിലും പാനീയം കുടിച്ചിരുന്നോ എന്ന് നഴ്‌സ് തുടര്‍ച്ചയായി ചോദിച്ചതിനെ തുടര്‍ന്ന് കഷായം കുടിച്ച വിവരം ഷാരോണ്‍ പറയുന്നു.
ഒക്ടോബർ 19 - വീണ്ടും ഡയാലിസിസ് നടത്തുന്നു. എന്ത് കഷായമാണ് നൽകിയതെന്ന് ഷാരോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഗ്രീഷ്മയോട് ചോദിച്ചുവെങ്കിലും വെളിപ്പെടുത്തിയില്ല. പിന്നീട് ഇന്റര്‍നെറ്റില്‍ നിന്നെടുത്ത കഷായത്തിന്റെ ചിത്രം അയച്ചുകൊടുക്കുന്നു.
ഒക്ടോബർ 20 - ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതോടെ ഷാരോണിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യു.വിലേക്ക് മാറ്റുന്നു. മജിസ്‌ട്രേറ്റ് എത്തി
ഷാരോണിന്റെ മൊഴി രേഖപ്പെടുത്തി.
ഒക്ടോബർ 21 - പാറശ്ശാല പോലീസ് എത്തി മൊഴി രേഖപ്പെടുത്തി. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു.
ഒക്ടോബർ 25- ഷാരോണിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റുന്നു. തുടർന്ന് വൈകീട്ട് ആറ് മണിയോടെ ഷാരോണിന്റെ മരണം സംഭവിച്ചു.
ഒക്ടോബർ 26 - ഷാരോണിന്റെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കൾ പാറശ്ശാല പോലീസില്‍ പരാതി നല്‍കി.
ഒക്ടോബർ 27 - തെളിവുകള്‍ ശേഖരിക്കാനോ പരാതി അന്വേഷിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്ന് ഷാരോണിന്റെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നു.
ഒക്ടോബർ 28 - ബന്ധുക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ച പൊലീസ് ഗ്രീഷ്മയുടെയും ഷാരോണിന്റെയും വീട്ടിലെത്തി മൊഴിയെടുത്തു.
ഒക്ടോബർ 29 - കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു.
ഒക്ടോബർ 30 - ചോദ്യം ചെയ്യലിനായി എസ്.പി. ഓഫീസില്‍ എത്തിയ ഗ്രീഷ്മ വൈകീട്ടോടെ കുറ്റം സമ്മതിക്കുന്നു.
ഒക്ടോബർ 31 - പൊലീസ് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് സ്‌റ്റേഷനിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിക്കുന്നു. വീഴ്ച ആരോപിച്ച് രണ്ട് വനിതാ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
നവംബര്‍ 30 - ഗ്രീഷ്മയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
2023 ജനുവരി 2 - നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ജൂണ്‍ 2 - ഗ്രീഷ്മയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി.
സെപ്റ്റംബര്‍ 15 - സഹതടവുകാരികളുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിൽ നിന്ന് മാവേലിക്കര വനിതാ സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റുന്നു.
സെപ്റ്റംബര്‍ 25 - ജാമ്യം ലഭിച്ചു.
സെപ്റ്റംബര്‍ 26 - ഗ്രീഷ്മ ജയില്‍ മോചിതയായി.
ഒക്ടോബര്‍ 1 - കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
ഒക്ടോബര്‍ 15 - നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി.
2025 ജനുവരി 3 - കേസില്‍ അന്തിമവാദം പൂര്‍ത്തിയായി.
ജനുവരി 17 - ഗ്രീഷ്മയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അമ്മ സിന്ധുവിന വെറുതേ വിടുകയും ചെയ്തു.
ജനുവരി 20 - ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. മൂന്നാം പ്രതിക്ക് മൂന്ന് വർഷം തടവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.