70 പേര്‍ മരിച്ചു, 66 മൃതദേഹങ്ങള്‍ കണ്ടെടുത്തു ; നാലു പേര്‍ കാണാമറയത്ത്, പെട്ടിമുടി നടുക്കുന്ന ഓര്‍മ

മലമുകളില്‍ നിന്ന് പൊട്ടി ഒലിച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ആകെ മൂടി. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകളാണ് അന്ന് ഞെരിഞ്ഞമര്‍ന്നത്

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 07:07 AM IST
  • ഒരുമിച്ച് മരിച്ചവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം നല്‍കിയ പന്തുകളി മൈതാനം
  • നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. മരിച്ചതായി സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ചു
  • 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
70 പേര്‍ മരിച്ചു, 66 മൃതദേഹങ്ങള്‍ കണ്ടെടുത്തു ; നാലു പേര്‍ കാണാമറയത്ത്, പെട്ടിമുടി നടുക്കുന്ന ഓര്‍മ

ഇടുക്കി:  70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷം. ദുരന്തഭൂമിയില്‍ പ്രാര്‍ത്ഥനയും കണ്ണീരുമായി മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഇപ്പോഴും എത്തുന്നു. കൊച്ചുമക്കളുടെ വേര്‍പാടില്‍ മനംനൊന്ത കറുപ്പായി എല്ലാ മാസവും ദുരന്തമുഖത്ത് കണ്ണീരുമായെത്തും. 

മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി തേയില എസ്റ്റേറ്റിലാണ് 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30 ടെയാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടാകുന്നത്. മലമുകളില്‍ നിന്ന് പൊട്ടി ഒലിച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ആകെ മൂടി. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകളാണ് അന്ന് ഞെരിഞ്ഞമര്‍ന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്. 

മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയാള്‍ കിലോമീറ്ററുകളോളം നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരമറിയിച്ചു. കമ്പനി അധികൃതര്‍ അഗ്നിരക്ഷാസേനയേയും പൊലീസിനെയും ബന്ധപ്പെട്ടു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. വൈകാതെ രക്ഷാപ്രവര്‍ത്തക സംഘവും സ്ഥലത്തെത്തി. പിന്നെ കണ്ടത്ത് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു. ദുരന്തനിവരണ സേനയും സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും കൈകോര്‍ത്തു. ശക്തമായ മഴയെ വകവയ്ക്കാതെ 19 ദിവസം നീണ്ട തെരച്ചില്‍. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഗര്‍ഭിണികള്‍, മാതാപിതാക്കളെ കെട്ടിപ്പിടിച്ചു കിടക്കുന്ന കുഞ്ഞുങ്ങള്‍, ഇരുന്ന ഇരുപ്പില്‍ മണ്ണില്‍ പുതഞ്ഞു പോയ മനുഷ്യന്‍ തുടങ്ങി 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. അവര്‍ മരിച്ചതായി സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച് അവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി. 

ഒരുമിച്ച് മരിച്ചവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം നല്‍കാന്‍ കണ്ണന്‍ ദേവന്‍ കമ്പനി തീരുമാനിച്ചതോടെ രാജമലയിലെ പന്തുകളി മൈതാനത്തിന് സമീപത്ത് കുഴിമാടങ്ങള്‍ ഒരുക്കി. അവിടെ എല്ലാവരെയും ഒന്നിച്ച് അടക്കി. മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തൊഴിലാളികള്‍ കല്ലറകള്‍ കഴുകി വ്യത്തിയാക്കുന്ന ജോലികളിലാണ് ഇപ്പോള്‍....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News