കൊച്ചി: വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിനായി കൊച്ചി പോലീസ് അന്വേഷണം തുടരുകയാണ്. പിസി ജോർജിന്റെ അടുത്ത ബന്ധുക്കളിൽ നിന്നും ഗൺമാനിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ പിസി ജോർജ് എവിടെയുണ്ടെന്നതിനെ കുറിച്ച് പൊലീസിന് ഇനിയും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ ആയിരുന്നില്ല. ഇതിനെ തുടർന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
കേസിൽ പിസി ജോർജ് നൽകിയ ജാമ്യ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്നലെ മെയ് 21 ന് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് പിസി ജോർജിന്റെ വീട്ടിൽ പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാലാരിവട്ടത്തും സമാനമായ കേസെടുത്തത്.
ALSO READ: PC George : പി.സി ജോര്‍ജിനെ തേടി കൊച്ചി പോലീസ്; ഒളിവിലെന്ന് സംശയം
നിരന്തരമായി വിദ്വേഷ പ്രസംഗം നടത്തുന്ന സാഹചര്യത്തിലാണ് പിസി ജോർജിന്റെ ഹർജി തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പിസി ജോർജിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അതേസമയം സെഷൻസ് കോടതി ഉത്തരവിനെതിരെ പിസി ജോർജ് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകും.
പി.സി ജോര്‍ജിന് മുങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് ഇന്ന്, മെയ് 22 ന് ആരോപിച്ചിരുന്നു. അറസ്റ്റ് നാടകം നടത്തി സ്വന്തം കാറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പുഷ്പഹാരങ്ങള്‍ ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തെ കോടതിയില്‍ എത്തിച്ചത്. കോടതിയില്‍ എത്തിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ല. എഫ്.ഐ.ആറില്‍ ഒന്നും ഇല്ലെന്നു കണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. കോടതിക്ക് പുറത്തും തൃക്കാക്കരയിലും ജോര്‍ജ് വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചു. എന്നിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...