തൃശൂർ: കയ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. കയ്പമംഗലം സ്വദേശി കോഴിശേരി വീട്ടില്‍ നകുലന് (50) ആണ് നട്ടെല്ലിന് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
മത്സ്യബന്ധനത്തിന് ശേഷം മീനുമായി കരയിലേയ്ക്ക് കയറുകയായിരുന്ന കോഴിപ്പറമ്പിൾ ഗണേശൻ്റെ ഉടമസ്ഥതയിലുള്ള 'ആദിപരാശക്തി' എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കരയിൽ നിന്ന് 50 മീറ്റർ അകലെ വെച്ച് തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. നകുലൻ ഉൾപ്പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
ALSO READ: സംസ്ഥാനത്ത് ചൂട് കൂടുന്നു; ഇന്നും ഉയർന്ന ചൂട്, ഇടുക്കിയിൽ താപനില 40 ഡിഗ്രി കടന്നു
വള്ളം ദേഹത്തേക്ക് മറിഞ്ഞാണ് നകുലന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. മറ്റുള്ളവര്‍ പരിക്കേല്ലാതെ രക്ഷപ്പെട്ടു. കരയിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളത്തിലുണ്ടായിരുന്ന മീനും വലയ്ക്കും എന്‍ജിനും നാശമുണ്ടായി. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു.
അപകടം സംഭവിച്ച വള്ളത്തിനും തൊഴിലാളികൾക്കും സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മണി കാവുങ്ങൽ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്.ഡൊമിനിക്ക്, സജേഷ് പള്ളത്ത്, കെ.വി.തമ്പി, ദാസൻ പനയ്ക്കൽ, കെ.ആർ.രഘുനാഥൻ, കെ.കെ.പ്രഭാകരൻ എന്നിവർ അപകടത്തിൽപ്പെട്ട തൊഴിലാളികളെ സന്ദർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...