Kochi acid rain: പെയ്തത് ആസിഡ് മഴ? കൊച്ചിക്കാരിൽ ആശങ്ക: കുസാറ്റിലെ ഗവേഷണത്തിൽ കണ്ടെത്തിയത്..

ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 03:45 PM IST
  • ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ മാർച്ച് 15ന് വൈകീട്ടാണ് കൊച്ചിയിൽ വേനൽ മഴ പെയ്തത്.
  • അടുത്ത അഞ്ച് ദിവസങ്ങളിൽ കൊച്ചിയിൽ മഴ മുന്നറിയിപ്പുണ്ട്.
  • വീടുകളിലെ കിണറുകൾ മഴ വെള്ളം വീഴാത്തത് പോലെ മൂടിവെയ്ക്കണമെന്ന പ്രചാരണം ശക്തമാണ്.
Kochi acid rain: പെയ്തത് ആസിഡ് മഴ? കൊച്ചിക്കാരിൽ ആശങ്ക: കുസാറ്റിലെ ഗവേഷണത്തിൽ കണ്ടെത്തിയത്..

കഴിഞ്ഞ ദിവസം കൊച്ചിയിൽ പെയ്ത മഴയുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങൾ മുറുകുകയാണ്. പെയ്തത് ആസിഡ് മഴയാണെന്ന വാദം ശക്തമായി ഉയരുന്ന സാഹചര്യത്തിൽ കൊച്ചിക്കാർ ആശങ്കയിലാണ്. ഇതിന് തെളിവായി ലിറ്റ്മസ് ടെസ്റ്റിൻറെ ഫലവും വെള്ളത്തിലെ നുരയും പതയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. 

ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തത്തിന് പിന്നാലെയാണ് കൊച്ചിയിൽ മഴ പെയ്തത്. ഇതോടെയാണ് പെയ്തത് ആസിഡ് മഴയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായത്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാൻറിലുണ്ടായ തീപിടിത്തം കാരണം ദിവസങ്ങളോളം നഗരത്തിൽ മുഴുവൻ പുക വ്യാപിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും കത്തിയമർന്നത് കാരണം അന്തരീക്ഷത്തിൽ രാസമലിനീകരണത്തിൻറെ തോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 

ALSO READ: ബ്രഹ്മപുരം തീപിടിത്തത്തിൽ 500 കോടി രൂപ പിഴ ഈടാക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

തീപിടിത്തത്തിന് പിന്നാലെ പെയ്ത മഴയിൽ രാസമാലിന്യങ്ങളുടെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് ആസിഡ് മഴയെന്ന വാദം ഉന്നയിക്കുന്നവരുടെ പ്രധാന ആരോപണം. ഇതോടെ എല്ലായിടത്തും ആസിഡ് മഴയുമായി ബന്ധപ്പെട്ട ചർച്ചകളും പ്രചാരണങ്ങളും സജീവമായി. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ആസിഡിൻറെ സാന്നിധ്യം അപകടകരമാണെന്നും അതിനാൽ കിണറുകൾ ഉൾപ്പെടെ മഴ വെള്ളം വീഴാത്ത തരത്തിൽ മൂടിയിടണമെന്നുമൊക്കെയുള്ള സന്ദേശങ്ങൾ കൊച്ചിയിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. 

ശുദ്ധമായ ജലത്തിൻറെ പി.എച്ച് (പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ) മൂല്യം 7 ആയിരിക്കും. പി.എച്ച് 7ൽ കുറവാണെങ്കിൽ ജല്തിന് അമ്ല ഗുണവും 7ൽ കൂടുതലാണെങ്കിൽ ക്ഷാരഗുണവും ഉണ്ടായിരിക്കും. 5നും 6.5നും ഇടയിലായിരിക്കും മഴവെള്ളത്തിൻറെ പി.എച്ച്. മഴവെള്ളത്തിൽ കാർബൺ ഡയോക്സൈഡിൻറെ സാന്നിധ്യമുള്ളതിനാലാണ് പി.എച്ച് കുറഞ്ഞുപോയത്.  

കൊച്ചിയിൽ പെയ്ത മഴയിലെ ആസിഡ് സാന്നിധ്യം കണ്ടെത്താനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇവ കുസാറ്റിലെ തന്നെ ശാസ്ത്ര സമൂഹ കേന്ദ്രം, കെമിക്കൽ ഓഷ്യാനോഗ്രാഫി എന്നീ വിഭാഗങ്ങളുമായി ചേർന്ന് ശാസ്ത്രീയ അപഗ്രഥത്തിന് വിധേയമാക്കുകയും ചെയ്തു. ലഭിച്ച സാമ്പിളുകളുടെ പി.എച്ച് മൂല്യം യഥാക്രമം 6.62, 6.67, 6.72, 6.9 എന്നിവയാണ്. വൻ തോതിൽ മലിനീകരണം ഉണ്ടായിരുന്നെങ്കിൽ പി.എച്ച് നാലിനോട് അടുത്ത് ഉണ്ടാകുമായിരുന്നു എന്നതാണ് ആശ്വസകരമായ കാര്യം. 

അതേസമയം, കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. പരിശോധനയ്ക്ക് വേണ്ടി മഴ വെള്ളവും കിണറുകളിൽ നിന്നുള്ള വെള്ളവും ശേഖരിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെയും സമീപ പ്രദേശങ്ങളിലെയും വെള്ളമാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.  ഇവയുടെ പരിശോധന ഫലം ലഭിക്കാതെ ഒന്നും പറയാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. പരിശോധന ഫലം ലഭിക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി പ്രദീപ് കുമാർ അറിയിച്ചു. 

അതേസമയം, കൊച്ചിയിൽ ആസിഡ് മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴ വെള്ളത്തിൻറെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. ആസിഡിൻറെ സാന്നിധ്യമുണ്ടോ എന്നറിയാനായി ആദ്യ മഴയുടെ സാമ്പിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ചിട്ടില്ല. എന്നാൽ, പ്രോട്ടോക്കോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിൻറെ ന്യായീകരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News