തൃശൂർ : സംസ്ഥാന സർക്കാരും കോൺഗ്രസും വോട്ട് ബാങ്കിന്റെ പിന്നിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂർ തേക്കിൻകാട് മൈതാനത്ത് ബിജെപിയുടെ ജനശക്തി റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചത്. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനാണ് താന്നെത്തിയതെന്ന് അറിയിച്ചുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയും സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി അരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസംഗം.
കേരളത്തിൽ തമ്മിലടിക്കുന്ന ഇടതുപക്ഷവും കോൺഗ്രസും ത്രിപുരയിൽ ഒന്നിച്ചു. നിലനിൽപിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. എന്നാൽ ജനം ബിജെപിയെ തിരഞ്ഞെടുത്തുയെന്ന് അമിത് ഷാ പറഞ്ഞു. പൊപ്പലുർ ഫ്രണ്ടിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് മോദി സർക്കാർ പിഎഫ്ഐയെ നിരോധിച്ചതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ ഭരണക്കാലത്ത് പാകിസ്ഥാൻ തീവ്രവാദികൾ രാജ്യത്തെ ആക്രമണം നടത്തിയെങ്കിലും വോട്ട് ബാങ്കിന്റെ പേരിൽ മൗനമായി നിൽക്കുകയായിരന്നു. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് തീവ്രവാദികളെ അവരുടെ വീട്ടിൽ കയറി തിരിച്ചടിച്ചുയെന്നു അമിത് ഷാ പറഞ്ഞു.
അഴിമതി അരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ അറസ്റ്റിലായി. ഇനിയെങ്കിലും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി തുറന്ന് പറയണമെന്ന് അമിത് ഷാ പറഞ്ഞു. സ്വർണക്കടത്ത് കേസ് അങ്ങനെ വിട്ടു പോകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചോദ്യമുയരും അതിന് ഉത്തരം നൽകേണ്ടി വരുമെന്നും അമിത് ഷാ ഓർമിപ്പിച്ചു.
കൂടാതെ കേരളത്തിനായി കേന്ദ്ര അനുവദിച്ച സഹായങ്ങളുടെയും ഫണ്ടുകളുടെയും കണക്കുകൾ അമിത് ഷാ എണ്ണിപ്പറയുകയും ചെയ്തു. നികുതി ഇനത്തിൽ കേരളത്തി മോദി സർക്കാർ നൽകിയത് 1.15 ലക്ഷം കോടിയാണ്. ഗുരുവായൂർ ക്ഷേത്ര വികസനത്തിന് 300 കോടി കേന്ദ്രം അനുവദിച്ചു. കാസർകോട് സോളാർ പദ്ധതിക്ക് അംഗീകാരം നൽകി കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി അനുവദിച്ചു. സംസ്ഥാനത്തെ മൂന്ന് പ്രധാന റെയിൽവെ സ്റ്റേഷനുകൾ എയർപ്പോർട്ട് നിലവാരത്തിൽ ഉയർത്താൻ തീരുമാനിച്ചു. ശബരിമല യാത്ര സൗകര്യത്തിന് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി. എൻഎച്ച് 66ന് 55,000 കോടി രൂപയാണ് അനുവദിച്ചത്. പിഎം കിസാൻ സമ്മാൻ നിധിയിലൂടെ സംസ്ഥാനത്തെ 20 ലക്ഷം കർഷകർക്ക് 6,000 രൂപ നൽകി. തുടങ്ങിയ നിരവധി കണക്കുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...