വാഷിങ്ടൺ: അമേരിക്കയുടെ 47-മത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഡോണൾഡ് ട്രംപ്. തന്റെ തീരുമാനങ്ങളും നയങ്ങളും ഒന്ന് വിടാതെ പ്രഖ്യാപിച്ച് കൊണ്ടാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടപ്പ് പ്രചാരണ വേളയിലും അതിന് മുമ്പും പറഞ്ഞ കാര്യങ്ങൾ സത്യപ്രതിജ്ഞാ പ്രസംഗത്തിൽ ഒന്നുകൂടി ആവർത്തിച്ചു ട്രംപ്. എന്തൊക്കെ സുപ്രധാന ഉത്തരവുകളാണ് താൻ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതെന്ന് വീണ്ടും അമേരിക്കയുടെ അധികാരമേറ്റെടുക്കുന്ന ട്രംപ് വ്യക്തമാക്കി.
യുഎസ്-മെക്സിക്കോ അതിര്‍ത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിക്കഴിഞ്ഞുള്ള ആദ്യ തീരുമാനം. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓര്‍ഡറിൽ ട്രംപ് ഒപ്പുവയ്ക്കും. അനധികൃത കുടിയേറ്റം തടയും. യാതൊരു തരത്തിലുള്ള പൗരത്വ പരിപാടികളും തുടരില്ല. അനധികൃതമായി കുടിയേറിയ കുറ്റവാളികളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കൂടാതെ രാജ്യത്ത് ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങൾ നിയമപരമായി അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ഡെൻഡർ കമ്മ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന് കടുത്ത തീരുമാനമാണ് ട്രംപിന്റെ ഭാഗത്ത് നിന്നും ഉയർന്നത്. രാജ്യത്തെ ജനസംഖ്യയുടെ 1.2 ശതമാനം ഉൾക്കൊള്ളുന്ന ജനസംഖ്യയെ ബാധിക്കുന്ന നയപരമായ തീരുമാനമാണിത്. ഇത് വലിയ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന ഒന്ന് തന്നെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമായെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അമേരിക്കയ്ക്ക് ഇനി പുരോഗതിയുടെ നാളുകളാണ് മുന്നിലുള്ളത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളികൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. വിശ്വാസവഞ്ചനയുടെ കാലമാണ് ഇവിടെ അവസാനിക്കുന്നത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
സ്വിങ് സ്റ്റേറ്റുകളിൽ അടക്കം ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് ഉൾപ്പെടെ അദ്ദേഹം നന്ദി അറിയിച്ചു. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ട്രംപ് ഉത്തരവിട്ടു. ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകും. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കുമെന്നും ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കുമെന്നും ഇത് ലോകത്താകമാനം കയറ്റുമതി ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലാണ് ട്രംപിന്റെ സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ ട്രംപും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ പ്രസിഡന്റ് ജോ ബൈഡനും പങ്കെടുത്തു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. വൈറ്റ് ഹൗസിൽ ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിന് ശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. അതിശൈത്യം മൂലമാണ് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലേക്ക് ചടങ്ങ് മാറ്റിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.