ഹോളിവുഡ് സിനിമകളിൽ കാണുന്ന പറക്കുന്ന ബൈക്ക് നിരത്തിലൂടെ ചീറിപ്പായുന്നത് ആലോചിച്ച് നോക്കിയിട്ടുണ്ടോ. അങ്ങനെയൊരു കാഴ്ച വിദൂരമല്ല. നൂറ് കിലോമീറ്റർ വേഗതിയിൽ ഡ്രോണുകളോട് സമാനമായ വമ്പൻ ബൈക്കുകൾ ഇനി ആകാശത്തുകൂടെ ചീറിപ്പായും. ഡ്രോണും ബൈക്കും സംയോജിപ്പിച്ച വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന.
ഫ്ലൈയിംഗ് ബൈക്കായ എക്സ് റ്റുറിസ്മോ ഉടൻ യുഎഇയിൽ നിർമാണം ആരംഭിക്കുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. പ്രതിമാസം അഞ്ച് യൂണിറ്റുകൾ വരെ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത വർഷം മുതൽ അബുദാബിയിൽ റ്റുറിസ്മോ ഹോവർ ബൈക്കുകൾ ഉത്പാദനം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എയർവിൻസിന്റെ ഗ്ലോബൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മാനേജർ യുമ ടേക്കനാക പറഞ്ഞു. അബുദാബിയിൽ മറ്റൊരു കമ്പനിയുമായി യോജിച്ച് ഹോവർ ബൈക്കുകളുടെ വൻതോതിലുള്ള ഉത്പാദനം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റ്റുറിസ്മോ ഹോവർ ബൈക്കുകളുടെ നിർമാതാക്കളാണ് എയർവിൻസ്. ഡെൽഅവേർ ആസ്ഥാനമായാണ് എയർവിൻസ് പ്രവർത്തിക്കുന്നത്.
This is the world's first flying bike. The XTURISMO hoverbike is capable of flying for 40 minutes and can reach speeds of up to 62 mph pic.twitter.com/ZPZSHJsmZm
— Reuters (@Reuters) September 16, 2022
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനമായ ഗിടെക്‌സ് ഗ്ലോബൽ 2022-ൽ ഹോവർ ബൈക്കിന്റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 10 മുതൽ 14 വരെ തുടരുന്ന എക്സ്പോയിൽ ലോകമെമ്പാടുമുള്ള അയ്യായ്യിരത്തിലധികം കമ്പനികൾ എക്‌സിബിഷനിൽ പങ്കെടുക്കും. സെപ്തംബറിൽ നടന്ന ഡെട്രോയിറ്റ് ഓട്ടോ ഷോയിൽ കമ്പനി റ്റുറിസ്മോ പ്രദർശിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ തത്സമയ ഡെമോ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
2.85 മില്യൺ ദിർഹം വിലയുള്ള സിംഗിൾ സീറ്റർ ഫ്ലൈയിംഗ് ബൈക്കിന് 300 കിലോഗ്രാം ഭാരമാണുള്ളത്. പരമാവധി 100 കിലോഗ്രാം ഭാരമാണ് ബൈക്കിന്റെ ശേഷി. മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗതയിൽ ഈ ബൈക്കിന് സഞ്ചരിക്കാൻ സാധിക്കും. ആറ് കിലോമീറ്ററിലധികം ദൂരത്തിൽ പറക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷമാണ് റ്റുറിസ്മോ ബൈക്കുകളുടെ വിൽപ്പന ആരംഭിച്ചത്. ഇതുവരെ ജപ്പാനിൽ ഏകദേശം 10 യൂണിറ്റുകൾ വിറ്റു. ഹോവർ ബൈക്കുകളെ വിമാനമായി കണക്കാക്കിയിട്ടില്ലാത്തതിനാൽ ഇതുവരെ പ്രത്യേകം ലൈൻസൻസ് ഏർപ്പെടുത്തിയിട്ടില്ല. റ്റുറിസ്മോ ബൈക്കുകൾക്ക് റേസ്‌ട്രാക്കുകളിൽ മാത്രം പറക്കാനാണ് നിലവിൽ അനുമതിയുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...