ഐപിഎല്ലിൽ ഇന്ന് ലക്നൗ സൂപ്പർ ജയൻറ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. നിലവിൽ പോയിൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാനും രണ്ടാം സ്ഥാനക്കാരായ ലക്നൗവും നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാജസ്ഥാൻറെ ഹോം ഗ്രൌണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
കെ.എൽ രാഹുൽ നയിക്കുന്ന ലക്നൗ ടീമിന് ഇതുവരെ മൂന്ന് വിജയങ്ങളാണ് സ്വന്തമാക്കാനായത്. രണ്ട് തോൽവികളും വഴങ്ങിയിട്ടുണ്ട്. അവസാന മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതിനാൽ ഇന്നത്തെ മത്സരത്തിലൂടെ വിജയവഴിയിലേക്ക് തിരിച്ചെത്താനാകും ലക്നൗവിൻറെ ശ്രമം. പ്രതിഭാധനരായ താരങ്ങളുള്ള ടീമാണെങ്കിലും മധ്യ ഓവറുകളിലെ മെല്ലെപ്പോക്കാണ് പലപ്പോഴും ലക്നൗവിന് തിരിച്ചടിയാകുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന അവസാന മത്സരത്തിൽ മധ്യ ഓവറുകളിൽ വേണ്ടത്ര റൺസ് സ്‌കോർ ചെയ്യാൻ ലക്നൗവിന് കഴിഞ്ഞില്ല. ഇത് ടീം സ്കോറിൽ 10-15 റൺസിൻറെ കുറവുണ്ടാകാൻ കാരണമായി.
ALSO READ: ഫൈനലിലെ ആ കടം തീർത്തു; ചാമ്പ്യന്മാരെ തകർത്ത് റോയൽസ്
കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവരുൾപ്പെടെ നിരവധി പവർ ഹിറ്റർമാർ ലക്നൗവിൻറെ ബാറ്റിംഗ് ലൈനപ്പിൽ ഉണ്ട്. എന്നാൽ, പ്രധാന താരങ്ങൾ മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുകയും കൂടുതൽ ഫലപ്രദമായി സ്‌കോറിംഗ് അവസരങ്ങൾ ഉപയോഗിക്കുകയും ചെയ്യാത്തതാണ് ലക്നൗവിന് തലവേദനയാകുന്നത്. കൂടാതെ, ബൗളർമാരെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണ്ടതും ലക്നൗവിനെ സംബന്ധിച്ച് നിർണായകമാണ്.
മറുഭാഗത്ത്, ബാറ്റിംഗിലും ബൌളിംഗിലും സന്തുലിതമായ ടീമാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ എന്നിവർക്കൊപ്പം മികച്ച ബാറ്റിംഗ് നിരയുള്ള രാജസ്ഥാൻ റോയൽസിനെതിരെ ലക്നൗ കടുത്ത വെല്ലുവിളി നേരിടുമെന്ന് ഉറപ്പാണ്. കൂടാതെ, യുസ്‌വേന്ദ്ര ചാഹൽ, ആദം സാമ്പ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ നിലവാരമുള്ള സ്പിന്നർമാരും രാജസ്ഥാൻ ടീമിലുണ്ട്.
സാധ്യതാ ടീം
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ആർ. പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജോസ് ബട്ട്‌ലർ, സഞ്ജു വി സാംസൺ (c), ഡിസി ജുറൽ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ, സന്ദീപ് ശർമ, ആദം സാമ്പ.
ലക്നൗ സൂപ്പർ ജയന്റ്‌സ്: കെ. എൽ രാഹുൽ (c), എം പി സ്റ്റോയിനിസ്, കെയ്ൽ മേയേഴ്സ്, ദീപക് ഹൂഡ, കെ. എച്ച് പാണ്ഡ്യ, എ. ബഡോണി, നിക്കോളാസ് പൂരൻ (wk), മാർക്ക് വുഡ്, അവേശ് ഖാൻ, രവി ബിഷ്ണോയ്, യുധ്വീർ സിംഗ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...