ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ജയം. മഴ കളി മുടക്കിയ മത്സരത്തിൽ ഡെക് വർത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിനാണ് പഞ്ചാബ് ജയിച്ചത്. ഇതോടെ സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തോടെ തുടക്കമിടാൻ പഞ്ചാബിന് കഴിഞ്ഞു.
പഞ്ചാബ് ഉയർത്തിയ 192 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൻറെ ആദ്യ പന്തിൽ തന്നെ ഓപ്പണർ മന്ദീപ് സിംഗിൻറെ (2) വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടമായി. ഇതേ ഓവറിലെ അവസാന പന്തിൽ അങ്കുൽ റോയിയെയും മടക്കി അയച്ച അർഷദീപ് സിംഗ് കൊൽക്കത്തയെ ഞെട്ടിച്ചു. 5-ാം ഓവറിൽ മികച്ച ഫോമിലായിരുന്ന റഹ്മാനുള്ള ഗുർബാസിനെ നഥാൻ എല്ലിസ് മടക്കി അയച്ചതോടെ കൊൽക്കത്ത അപകടം മണത്തു.
ALSO READ: ധോണിക്ക് കാൽമുട്ടിന് പരിക്ക്? ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകുമോ? കോച്ച് പറയുന്നത് ഇങ്ങനെ
വെങ്കടേഷ് അയ്യർ, നിതീഷ് റാണ, ആന്ദ്രെ റസൽ തുടങ്ങിയ താരങ്ങളുണ്ടായിട്ടും പഞ്ചാബിൻറെ ബൌളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല. വെങ്കടേഷ് അയ്യർ 34 റൺസും നിതീഷ് റാണ 24 റൺസും നേടി മടങ്ങി. അപകടകാരിയാകുമെന്ന് തോന്നിച്ച റസൽ 19 പന്തിൽ 35 റൺസുമായി പുറത്തായതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിരുന്നു. 8 റൺസുമായി ശർദുൽ താക്കൂറും 7 റൺസുമായി സുനിൽ നരെയ്നും ക്രീസിൽ നിൽക്കവെയാണ് വില്ലനായി മഴ എത്തിയത്. ഈ സമയം കൊൽക്കത്ത 16 ഓവറിൽ 7 വിക്കറ്റിന് 146 റൺസ് എന്ന നിലയിലായിരുന്നു. ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം കൊൽക്കത്ത 7 റൺസിന് പിന്നിലായതോടെ പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചു.
3 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴത്തിയ അർഷ്ദീപ് സിംഗിൻറെ പ്രകടനമാണ് പഞ്ചാബിൻറെ വിജയത്തിൽ നിർണായകമായത്. സാം കറൻ, നഥാൻ എല്ലിസ്, സിക്കന്ദർ റാസ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിംഗാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ശിഖർ ധവാൻ 29 പന്തിൽ 40 റൺസും ഭാനുക രജപക്സെ 32 പന്തിൽ 50 റൺസും നേടിയിരുന്നു. ഇംഗ്ലണ്ടിൻറെ സ്റ്റാർ ഓൾ റൌണ്ടർ സാം കറൻ 17 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...