IPL 2023: ഐപിഎല്ലിൽ ഇന്ന് സൂപ്പ‍ർ സൺഡേ; കോഹ്ലിയും രോഹിത്തും നേർക്കുനേർ

MI vs RCB: കഴിഞ്ഞ സീസണിലെ അവസാനക്കാരായ മുംബൈ ഇന്ത്യൻസിന് ഈ സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 10:05 AM IST
  • ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • കഴിഞ്ഞ 6 മാസമായി കോഹ്ലി മിന്നും ഫോമിലാണ്.
  • രോഹിത് ശർമ്മ സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുത്തിട്ടില്ല.
IPL 2023: ഐപിഎല്ലിൽ ഇന്ന് സൂപ്പ‍ർ സൺഡേ; കോഹ്ലിയും രോഹിത്തും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് കരുത്തൻമാർ കളത്തിലിറങ്ങും. അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് കന്നിക്കിരീടമെന്ന സ്വപ്നവുമായെത്തിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ബംഗളൂരുവിൻറെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

കാണികളുടെ ആവേശം വലിയ രീതിയിൽ അലയടിക്കുന്ന സ്റ്റേഡിയങ്ങളിൽ ഒന്നാണ് ചിന്നസ്വാമി. സ്വന്തം കാണികൾക്ക് മുന്നിൽ കന്നി അങ്കത്തിന് ഇറങ്ങുന്ന ബംഗളൂരുവിന് മത്സരത്തിൽ നേരിയ മുൻതൂക്കം ലഭിച്ചേക്കും. ഹോം ഗ്രൗണ്ടിൽ ബംഗളൂരുവിൻറെ റെക്കോർഡ് അത്ര മികച്ചതല്ലെന്ന ആശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ് എത്തുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ 86 മത്സരങ്ങൾ കളിച്ച ബംഗളൂരുവിന് 42 വിജയങ്ങൾ മാത്രമാണ് സ്വന്തമാക്കാനായത്. 

ALSO READ: ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; കെയ്ൻ വില്യംസൺ ഐപിഎല്ലിന് പുറത്തേക്ക്

സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും നേർക്കുനേർ വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന സവിശേഷത. കരിയറിലെ മോശം സമയത്തെ മറികടന്ന് എത്തുന്ന കോഹ്ലി അപകടകാരിയാണ്. കഴിഞ്ഞ 6 മാസമായി കോഹ്ലി മിന്നും ഫോമിലാണ്. രോഹിത് ശർമ്മയാകട്ടെ സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുത്തിട്ടില്ല. ഈ വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഐപിഎല്ലിൽ ഇരുവരുടെയും പ്രകടനങ്ങൾ നിർണായകമാകും. 

ബംഗളൂരുവും മുംബൈയും തമ്മിലുള്ള സമീപകാല പോരാട്ട ചരിത്രം പരിശോധിച്ചാൽ ബംഗളൂരുവിനാണ് മേൽക്കൈ. അവസാനത്തെ 5 മത്സരങ്ങളിൽ 4 എണ്ണത്തിലും ബംഗളൂരുവാണ് വിജയിച്ചത്. 2020 ഒക്ടോബറിലാണ് ബംഗളൂരുവിനെതിരെ മുംബൈ അവസാനമായി വിജയിച്ചത്. ഇരുടീമുകളും ഇതുവരെ 30 തവണ ഏറ്റുമുട്ടിയപ്പോൾ 13 തവണയാണ് ബംഗളൂരു വിജയിച്ചത്. 

സൂപ്പർ താരം ജസ്പ്രീത് ബുംറയില്ലാതെയാണ് മുംബൈ എത്തുന്നത്. എന്നാൽ, ഇംഗ്ലണ്ടിൻറെ അപകടകാരിയായ പേസർ ജോഫ്ര ആർച്ചർ ഇന്നത്തെ മത്സരത്തിൽ കളിക്കും. മറുഭാഗത്ത്, പരിക്കേറ്റ രജത് പാട്ടീദാർ, ജോഷ് ഹെയ്സൽവുഡ് എന്നിവർ ബംഗളൂരു നിരയിലുണ്ടാകില്ല. മധ്യനിരയിൽ ദിനേശ് കാർത്തിക്കിൻറെ പ്രകടനം ബംഗളൂരുവിന് നിർണായകമാകും. വാനിന്ദു ഹസറംഗ തിരികെ എത്തുന്നത് വരെ ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, റീസെ ടോപ്ലെ എന്നിവരാകും ബംഗളൂരുവിൻറെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകുക. 

മികച്ച ബാറ്റംഗ് നിരയാണ് മുംബൈ ഇന്ത്യൻസിൻറെ കരുത്ത്. രോഹിത് ശർമ്മ, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളി ഉയർത്താൻ കഴിവുള്ളവരാണ്. ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നീ താരങ്ങളും അപകടകാരികളാണ്. ഓൾ റൗണ്ടർ കാമറൂൺ ഗ്രീനാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News