IND vs IRE: പരമ്പര തൂക്കാന്‍ ഇന്ത്യ, പൊരുതാനുറച്ച് അയര്‍ലണ്ട്; രണ്ടാം ടി20 ഇന്ന്

IND vs IRE, 2nd T20 predicted 11: ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഉറച്ചാകും ഇന്ത്യ ഇറങ്ങുക. 

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 04:27 PM IST
  • മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.
  • ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • ആദ്യ മത്സരം നടന്ന വില്ലേജ് സ്റ്റേഡിയത്തിലാണ് 2-ാം ടി20 നടക്കുക.
IND vs IRE: പരമ്പര തൂക്കാന്‍ ഇന്ത്യ, പൊരുതാനുറച്ച് അയര്‍ലണ്ട്; രണ്ടാം ടി20 ഇന്ന്

ഡബ്ലിൻ: ഇന്ത്യ - അയര്‍ലണ്ട് ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ മഴ വില്ലനായെങ്കിലും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 2 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര പിടിക്കാന്‍ ഇന്ത്യയും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ അയര്‍ലണ്ടും ഇറങ്ങുമ്പോള്‍ ഇന്ന് ആവേശപ്പോരാട്ടത്തിന് തന്നെയാകും വില്ലേജ് സ്‌റ്റേഡിയം സാക്ഷിയാകുക. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

പരിക്കിനെ മറികടന്ന് ടീമില്‍ തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുമ്രയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ ഓവറില്‍ തന്നെ 2 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബുമ്ര വരവറിയിച്ചത്. ഇന്ത്യന്‍ ബൗളിംഗ് നിരയുടെ മുന്നില്‍ അയര്‍ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നെങ്കിലും അവസാന നിമിഷം ആഞ്ഞടിച്ച ബറി മക്കാര്‍ത്തിയും (51*) കര്‍ട്ടിസ് കാംഫറുമാണ് (39) അയര്‍ലണ്ടിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. 140 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 46 റണ്‍സില്‍ നില്‍ക്കെ 24 റണ്‍സുമായി ജയ്‌സ്വാള്‍ മടങ്ങി. പിന്നാലെ എത്തിയ തിലക് വര്‍മ്മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഈ സമയം മഴ കളി മുടക്കിയതോടെ ഫലം ഇന്ത്യയ്ക്ക് അനുകൂലമാകുകയായിരുന്നു. 

ALSO READ: മെസിയെ തടയാനാകില്ല മക്കളെ..! വെടിച്ചില്ല് ഷോട്ടിൽ ഗോൾ, ലീഗ്‌സ് കപ്പ് മയാമിയ്ക്ക്

11 മാസങ്ങള്‍ക്ക് ശേഷം കളത്തില്‍ തിരിച്ചെത്തിയ ബുമ്ര പഴയ മികവ് പുലര്‍ത്തിയതാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ പേസര്‍ പ്രസിദ്ധ് കൃഷ്ണയും ഫോമിലായിരുന്നു. പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 4 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗ് മാത്രമാണ് നിരാശപ്പെടുത്തിയത്. അര്‍ഷ്ദീപിന് പകരം മുകേഷ് കുമാര്‍ ടീമില്‍ ഇടംനേടാന്‍ സാധ്യതയുണ്ട്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജിതേഷ് ശര്‍മ്മയുടെ അരങ്ങേറ്റം ഇന്ന് ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. 

പിച്ച് റിപ്പോര്‍ട്ട് 

ഇന്ത്യ - അയര്‍ലണ്ട് ആദ്യ മത്സരം നടന്ന അതേ ഗ്രൗണ്ടില്‍ തന്നെയാണ് ഇന്നത്തെ മത്സരവും നടക്കുക. 166 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. 

സാധ്യതാ ടീം

ഇന്ത്യ: ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (WK), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര (C), അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്.

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (C), ആന്‍ഡി ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (WK), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News