Neymar Demands: ബെന്റ്‌ലിയില്‍ കറങ്ങണം, ബംഗ്ലാവില്‍ ഉറങ്ങണം, പ്രൈവറ്റ് ജെറ്റില്‍ പറക്കണം... ഫ്രിഡ്ജില്‍ ആ പാനീയം നിറയണം! 'അല്‍- നെയ്മര്‍' വിശേഷങ്ങള്‍

Neymar to Al-Hilal Demands: ഒമ്പത് ആഡംബര കാറുകളാണ് നെയ്മർ ആവശ്യപ്പെട്ടിട്ടുള്ളതത്രെ. വീടും കാറും പ്രൈവറ്റ് ജെറ്റും കൂടാതെ മറ്റ് ചെലവുകളും അൽ ഹിലാൽ തന്നെ നോക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 04:07 PM IST
  • മാധ്യമങ്ങളിൽ വാർത്തകൾ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമില്ല
  • നെയ്മർ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടോ എന്ന് പോലും സ്ഥിരീകരിക്കാൻ ആയിട്ടില്ല
Neymar Demands: ബെന്റ്‌ലിയില്‍ കറങ്ങണം, ബംഗ്ലാവില്‍ ഉറങ്ങണം, പ്രൈവറ്റ് ജെറ്റില്‍ പറക്കണം... ഫ്രിഡ്ജില്‍ ആ പാനീയം നിറയണം! 'അല്‍- നെയ്മര്‍' വിശേഷങ്ങള്‍

ജിദ്ദ:  ലോകഫുട്‌ബോള്‍ യൂറോപ്പിലും ലാറ്റിനമേരിക്കയിലും കിടന്ന് കറങ്ങിക്കൊണ്ടിരുന്ന കാലമെല്ലാം ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ബെന്‍സിമയ്ക്കും ശേഷം ബ്രസീലിന്റെ ഇതിഹാസ താരം നെയ്മര്‍ ജൂനിയറും സൗദി പ്രോ ലീഗിലേക്ക് എത്തിയിരിക്കുകയാണ്. പരിക്കുകളുടെ വേട്ടയാടലുകള്‍ക്കിടയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുമെങ്കിലും, പ്രതിഫലത്തിന്റെ കാര്യത്തില്‍ നെയ്മര്‍ ഒട്ടും പിറകിലല്ല എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത.

താരങ്ങളുടെ പ്രതിഫലം എന്ത് എന്നതല്ല, സൗദി പ്രോ ലീഗിലെ ക്ലബ്ബുകള്‍ എന്തും കൊടുക്കാന്‍ തയ്യാറാണ് എന്നതാണ് പ്രധാനം. നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുമ്പോള്‍ പ്രതിഫലത്തിന്റേയും ആഡംബരത്തിന്റേയും കാര്യത്തില്‍ 'അല്‍- നെയ്മര്‍' ആയി മാറുകയാണ് എന്നാണ് വാര്‍ത്തകള്‍. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് അല്‍ ഹിലാലുമായി ഉള്ളത്. ഇത് പ്രകാരം ആഴ്ചയില്‍ ഏതാണ്ട് 26.5 കോടി രൂപയാണ് നെയ്മറിന്റെ പ്രതിഫലം എന്നാണ് വിവരം.

Read Also: കാര്‍ അപകടത്തിന് ശേഷം ആദ്യമായി കളിക്കളത്തില്‍; പന്തിന്റെ ബാറ്റിംഗ് വൈറല്‍

എന്നാല്‍ ഇതൊന്നും അല്ലാതെ നെയ്മര്‍ മുന്നോട്ട് വച്ചിട്ടുള്ള ഡിമാന്റുകളെ കുറിച്ചാണ് കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. നെയ്മര്‍ 'അല്‍- നെയ്മര്‍' ആയി മാറുന്നതിന്റെ ഭാഗമാണോ ഇത്തരം ഞെട്ടിപ്പിക്കുന്ന ഡിമാന്റുകള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

25 കിടപ്പുമുറികളുള്ള കൊട്ടാരസദൃശ്യമായ ഒരു ബംഗ്ലാവാണത്രെ നെയ്മര്‍ താമസത്തിനായി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വീട്ടില്‍ നീന്തല്‍ക്കുളം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മാത്രമല്ല 'ആവിക്കുളി'യ്ക്കായി മൂന്ന് സോണകളും വേണമെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സ്പാനിഷ് മാധ്യമമായ കോപെ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീട്ടുകാര്യങ്ങള്‍ നോക്കാന്‍ എട്ട് ജോലിക്കാരേയും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, തന്റെ ബ്രസീലിയന്‍ കുക്കിനെ സഹായിക്കുന്നതിനായി ഒരു സോസ് ഷെഫും വേണമെന്നാണത്രെ ഡിമാന്റ്.

കാര്യങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. ഒമ്പത് ആഡംബര കാറുകളും നെയ്മര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. ബെന്റ്‌ലി കോണ്‍ടിനെന്റല്‍ ജിപി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്, ലംബോര്‍ഗിനി ഹുറാകാന്‍ എന്നീ ആഡംബര കാറുകളാണ് നെയ്മര്‍ അല്‍ ഹിലാല്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. നാല് മേഴ്‌സിഡസ് ജി വാഗണ്‍സും ഒരു മെഴ്‌സിഡസ് വാനും കൂടാതെയാണ് മറ്റ് ആഡംബര കാറുകള്‍ എന്നത് കൂടി ഓര്‍ക്കണം. കാര്‍ ഓടിക്കുന്നതിനായി ഒരു ഫുള്‍ ടൈം ഡ്രൈവറേയും വേണം.

Read Also: ലോം​ഗ് റേഞ്ചറിലൂടെ വീണ്ടും മെസി മാജിക്‌; ലീഗ്സ് കപ്പിൽ മയാമി ഫൈനലിൽ

ബംഗ്ലാവും കാറുകളും മാത്രം പോര, ആകാശമാര്‍ഗ്ഗം യാത്ര ചെയ്യാന്‍ ഒരു പ്രൈവറ്റ് ജെറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ വീട്ടിലെ റെഫ്രിഡ്ജറേറ്ററില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളായ അക്കായി ജ്ൂസും ഗുവാരാന പാനീയവും സൂക്ഷിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രെ. 

കരാര്‍ പ്രകാരം രണ്ട് വര്‍ഷത്തേക്ക് ഏതാണ്ട് 2,900 കോടി രൂപയോളം ആണ് നെയ്മറിന്റെ പ്രതിഫലം. ഇത് കൂടാതെയാണ് മറ്റ് ഡിമാന്റുകള്‍. ഇതൊന്നും പോരാഞ്ഞ്, യാത്രയ്ക്കും ഹോട്ടലുകളിലും ഭക്ഷണത്തിനും അടക്കം ചെലവാകുന്ന മുഴുവന്‍ തുകയും അല്‍ ഹിലാല്‍ മാനേജ്‌മെന്റ് തന്നെ ഏറ്റെടുക്കണം എന്നും നെയ്മര്‍ ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

കോപെ, കൂടാതെ ദി സണ്ണും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പലമാധ്യമങ്ങളിലും പല തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. നെയ്മറോ അല്‍ ഹിലാല്‍ മാനേജ്‌മെന്റോ ഇതുവരെ ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടില്ല. നെയ്മറിന്റെ ആവശ്യങ്ങള്‍ പലതും അതിര് കടന്നതല്ലേ എന്ന ചോദ്യം ആരാധകര്‍ തന്നെ ചോദിക്കുമ്പോള്‍, അധികം വൈകാതെ തന്നെ ചില പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. 

റൊണാള്‍ഡോയ്ക്കും ബെന്‍സീമയ്ക്കും ശേഷം നെയ്മര്‍ കൂടി എത്തുന്നതോടെ സൗദി പ്രോ ലീഗിന് വലിയ താരത്തിളക്കമാണ് ലഭിച്ചിട്ടുള്ളത്. എന്തായാലും പ്രതിഫലത്തിന്റെ കാര്യത്തില്‍ മറ്റ് രണ്ട് പേരേക്കാളും താഴെയാണ് നെയ്മര്‍ ഉള്ളത്. ഇനി അതുകൊണ്ടാണോ താരം ഇത്രയധികം ഡിമാന്റുകള്‍ ക്ലബ്ബിന് മുന്നില്‍ വച്ചത് എന്ന ചോദ്യവും പലരും ചോദിക്കുന്നുണ്ട്. ഇതിഹാസതാരമായ മെസ്സിയെ പോലും സൗദി പ്രോ ലീഗില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീനയെ, ആദ്യ റൗണ്ടില്‍ അട്ടിമറിച്ച് ഞെട്ടിച്ചവരായിരുന്നു സൗദി അറേബ്യ. അന്ന് സൗദി ദേശീയ ടീമില്‍ കളിച്ചിരുന്നവരെല്ലാം തന്ന സൗദി പ്രോ ലീഗിലെ ക്ലബ്ബുകളുടെ താരങ്ങളായിരുന്നു എന്നതും ശ്രദ്ധേയം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News