വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവിച്ചു; ടോവിനോയ്ക്കെതിരെ നടപടി?

വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച്‌ കൂവിപ്പിച്ച നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു. 

Last Updated : Feb 1, 2020, 03:47 AM IST
വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവിച്ചു; ടോവിനോയ്ക്കെതിരെ നടപടി?

മാനന്തവാടി: വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച്‌ കൂവിപ്പിച്ച നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു. 

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിലാണ് നടനെതിരെ കെഎസ്യു രംഗത്തെത്തിയിരിക്കുന്നത്.

മാനന്തവാടി മേരി മാതാ കേളേജിലാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം. ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി പൊതുചടങ്ങില്‍ വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും പങ്കെടുത്തിരുന്നു. 

കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. 

ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവി. ഈ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടന്‍ മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആദ്യം വിസമ്മതിച്ച കുട്ടിയെ നിര്‍ബന്ധിച്ചു നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. ഇതിനെതിരെയാണ് പരാതിയുമായി കെഎസ്‍യു എത്തിയത്

മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും വിദ്യാര്‍ത്ഥിയെ അപമാനിച്ച ടൊവിനോക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെഎസ്‌യു രംഗത്തെത്തിയിരിക്കുന്നത്.

Trending News