കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് സിനിമയിലെ വനിത കൂട്ടായ്മയായ WCC ആവശ്യപ്പെട്ടുയെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയെ തള്ളി വിമൺ ഇൻ സിനിമ കളക്ടീവ്. കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി WCC അംഗങ്ങൾ നടത്തിയ ചർച്ചയിൽ സമർപ്പിച്ച കത്ത് വനിത സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടു.
"റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര" WCC മന്ത്രിക്ക് സമർപ്പിച്ച കത്തിൽ പറയുന്നു.
ALSO READ : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു : പി രാജീവ്
WCC ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കത്ത്
ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.
അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെൻ്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടത് അതിപ്രധാനമാണ്.
നാലാം തീയതി ഗവൺമെൻറ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.
ALSO READ : ജസ്റ്റിസ് ഹേമ കമ്മീഷനോ കമ്മിറ്റിയോ? ആരെയൊക്കെ വിറപ്പിക്കും ആ റിപ്പോർട്ട്? എന്തുകൊണ്ട് പുറത്ത് വിടുന്നില്ല
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി പി.രാജീവ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് WCC ആവശ്യപ്പെട്ടുയെന്ന് പറഞ്ഞത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് മന്ത്രി വെളിപ്പെടുത്തുന്നത്. ഇതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടതെന്ന് മന്ത്രിയെ ഉദ്ദരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.