തൃശൂർ: തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കട്ടാനക്കൂട്ടത്തിൻറ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ തോട്ടം തൊഴിലാളിക്ക് വീണ് പരിക്കേറ്റു. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ പ്രസാദിനാണ് പരിക്കേറ്റത്. പാലപ്പിള്ളി പിള്ളപ്പാറയിൽ രാവിലെ ഏഴ് മണിയോടെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. പിള്ളപ്പാറയിൽ വെച്ച് കാട്ടാന ആക്രമിക്കാൻ ഓടിയടുക്കുകയായിരുന്നുവെന്ന് പ്രസാദ് പറയുന്നു.
ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രസാദിന് വീണ് പരിക്കേൽക്കുകയായിരുന്നു. തോട്ടത്തിലെ 89 ഫീൽഡിൽ പതിനഞ്ചോളം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ തുരത്താൻ വനം വകുപ്പിന്റെ ശ്രമം തുടരുകയാണ്. ദമ്പതികൾ അടക്കം ആറ് പേർക്കാണ് ഒരാഴ്ചക്കിടയിൽ ഇവിടെ മാത്രം കാട്ടാനകളുടെ മുന്നിൽപ്പെട്ട് രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റത്.
ALSO READ: അരിക്കൊമ്പന്റെ സഞ്ചാരം നിരീക്ഷിക്കാൻ വനംവകുപ്പ്; രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിലെത്തി
ജനവാസ മേഖലയിലിറങ്ങി തമ്പടിച്ച കാട്ടാനകൾ കാട് കയറാൻ കൂട്ടാക്കാത്തതിനാൽ തോട്ടം തൊഴിലാളികൾക്ക് റബ്ബർ വെട്ടുന്നത് അടക്കമുള്ള ജോലികൾ നടത്താനും കഴിയുന്നില്ല. മാസങ്ങളായി കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമുള്ള മേഖലയാണ് പാലപ്പിള്ളി. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് പലതവണ ഇവിടെ നിന്ന് കാട്ടാനകളെ തുരത്തിയിരുന്നു.
തൃശൂർ പാലപ്പിള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം; റബർ തോട്ടത്തിലിറങ്ങിയത് ഇരുപത്തഞ്ചോളം കാട്ടാനകൾ
തൃശൂർ: തൃശൂർ പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇരുപത്തഞ്ചോളം കാട്ടാനകളാണ് റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ ആയിട്ടില്ല. ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങൾ പോകേണ്ട എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെന്നും കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ തുടർച്ചയായി കാട്ടാന കൂട്ടം ഇറങ്ങുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. വലിയ ഭീതിയിലാണ് തങ്ങൾ കഴിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചിമ്മിനി ഡാമിനോട് ചേർന്ന ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് പതിവാണ്.
രാത്രിയോടെ കാട്ടാന ഇറങ്ങും പുലർച്ചെ തിരികെ കാട്ടിലേക്ക് പോകുകയുമാണ് പതിവ്. എന്നാൽ, ഇന്ന് പുലർച്ചെ ടാപ്പിങ്ങിനായി റബർ തോട്ടത്തിലേക്ക് എത്തിയ തൊഴിലാളികൾ കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു. മുമ്പും പാലപ്പിള്ളിയിൽ വലിയ കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്. നാൽപ്പതിലേറെ വരുന്ന കാട്ടാനക്കൂട്ടം ആണ് മുൻപ് റബർ തോട്ടത്തിൽ ഇറങ്ങിയത്. ജനവാസ മേഖലയാണ് പാലപ്പിള്ളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...