Letter Controversy: നഗരസഭ കത്ത് വിവാദം; ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ

സംഭവം നടന്ന് ഇത്ര ദിവസമായിട്ടും അന്വേഷണ സംഘത്തിന് ഇതുവരെ കത്തിന്റെ ശരിപ്പകർപ്പ് കണ്ടെത്താനായിട്ടില്ല.   

Written by - Abhijith Jayan | Last Updated : Dec 25, 2022, 05:35 AM IST
  • പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം പ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
  • നഗരസഭയിൽ പ്രതിഷേധത്തിനിടെ നാശനഷ്ടം വരുത്തിയതിനാണ് കേസ് എടുത്തിട്ടുള്ളത്.
  • ജാമ്യം ലഭിക്കാവുന്ന കേസുകളാണ് ഇതിൽ പത്തോളം പേർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Letter Controversy: നഗരസഭ കത്ത് വിവാദം; ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ. പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം പ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരസഭയിൽ പ്രതിഷേധത്തിനിടെ നാശനഷ്ടം വരുത്തിയതിനാണ് കേസ് എടുത്തിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കേസുകളാണ് ഇതിൽ പത്തോളം പേർക്കെതിരെ ചുമത്തിയിരിക്കുന്നത്. റിമാൻഡ് കാലാവധി പൂർത്തിയാക്കി പ്രതിഷേധക്കാരെല്ലാം പുറത്തിറങ്ങുകയും ചെയ്തു. അതേസമയം പ്രതിഷേധം നടന്ന് 50 ദിവസമാകുമ്പോഴും കത്തിന്റെ ശരിപ്പകർപ്പ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും നിലച്ചിരിക്കുകയാണ്. 

മേയറുടേതെന്ന പേരിൽ പ്രചരിക്കുന്ന കത്തിൽ വിവാദം തുടങ്ങിയിട്ട് 50 ദിവസത്തോളം ആകുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തിന് ഒട്ടും അയവില്ല. ബിജെപി - യുഡിഎഫ് കൗൺസിലർമാർ ധർണയും പ്രതിഷേധവും നടത്തി. വരും ദിവസങ്ങളിലും സമരം അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ പരിധിയിൽ ജനുവരി 7ന് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കത്തിന്റെ ശരിപ്പകർപ്പ് കിട്ടുകയും സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കുകയും ചെയ്യുന്നത് വരെ സമരം തുടരുമെന്നും ബിജെപി കൗൺസിലർ എം ആർ ഗോപൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഹൈക്കോടതിയിൽ നിന്നും ഉൾപ്പെടെ അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് കൗൺസിലർ പറഞ്ഞു. ജനങ്ങളെ പറഞ്ഞു പറ്റിച്ച് വഞ്ചിച്ച എൽഡിഎഫ് ഭരണസമിതി അഴിമതിയിൽ തൂങ്ങിക്കിടക്കുകയാണ് എന്നും അവർ വ്യക്തമാക്കി.

Also Read: Kerala Police: പോലീസ് തലപ്പത്ത് അഴിച്ചു പണി; സ്പർജൻ കുമാർ ദക്ഷിണ മേഖല ഐജി; ഹർഷിത അട്ടല്ലൂരി വിജിലൻസിൽ

 

എന്നാൽ, ബിജെപിയും യുഡിഎഫും ഉയർത്തുന്ന ആരോപണങ്ങളെ ആഭാസ സമരം എന്ന് പറഞ്ഞ് തള്ളുകയാണ് ഡെപ്യൂട്ടി മേയർ പി കെ രാജു. നരേന്ദ്രമോദി സർക്കാരിനെതിരെ പെട്രോൾ ഡീസൽ വിലവർധനയിൽ ഇക്കൂട്ടർ സമരം ചെയ്യുമോ എന്ന് രാജു ചോദിച്ചു. വ്യാജ കത്തിന്റെ പേരിൽ നഗരസഭയിൽ എത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഇനിയെങ്കിലും ഇവർ നിർത്തണം. അനിശ്ചിതകാല സമരമെന്ന് പറഞ്ഞ് രാവിലെയും ഉച്ചയ്ക്കും നേർച്ച പോലെ സമരം നടത്തി പോകുന്നുവെന്നും അദ്ദേഹം സീ മലയാളം ന്യൂസിനോട് വ്യക്തമാക്കി.

അതിനിടെ, കഴിഞ്ഞ കൗൺസിൽ യോഗത്തിലും വൻ പ്രതിപക്ഷ ബഹളമാണ് മേയർക്ക് നേരെ ഉണ്ടായത്. കൗൺസിൽ ഹാളിൽ മേയറുടെ ചേംബറിന് സമീപം കിടന്ന് ബിജെപി വനിത കൗൺസിലർമാർ പ്രതിഷേധിച്ചു. പിന്നീട് മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ച 9 ബിജെപി കൗൺസിലർമാരെ സസ്പെൻഡ് ചെയ്യേണ്ടിയും വന്നു. നാടകീയ സംഭവങ്ങൾക്കാണ് കഴിഞ്ഞ രണ്ട് കൗൺസിലുകളിൽ നഗരസഭ സാക്ഷ്യം വഹിച്ചത്. 

നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് 295 ഒഴിവുകളുണ്ടെന്നും പാർട്ടിക്കാർ ഉണ്ടെങ്കിൽ മുൻഗണന പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മേയറുടേതെന്ന പേരിൽ പുറത്തുവന്ന കത്തിലാണ് വിവാദം കൊഴുത്തത്. മേയർ ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നതോടെ എൽഡിഎഫ് പ്രതിരോധത്തിലാവുകയും വിജിലൻസ് - ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ പ്രഖ്യാപിക്കുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News