തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഉന്നതതല യോഗം ചേരും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്. മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ അവലോകനം ചെയ്യും.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള പരിഹാരം സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബർ 28 ന് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി കേരള സർക്കാർ ഉൾപ്പടെ കേസിലെ എല്ലാ കക്ഷികളും പരിഹാരം സംബന്ധിച്ച നിർദ്ദേശം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. അതേസമയം, തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ താത്പര്യമുള്ളവർക്ക് അത് ചെയ്യാമെന്നും എന്നാൽ ഈ നായ്ക്കളുടെ പൂർണ ഉത്തരവാദിത്വം അവർ ഏറ്റെടുക്കണെമന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
ALSO READ: Stray dog attack: പട്ടാമ്പി വിളയൂരിൽ തെരുവ് നായയുടെ ആക്രമണം; യുവാവിന് സാരമായി പരിക്കേറ്റു
അട്ടപ്പാടിയിൽ ആദിവാസി ബാലനും തെരുവ് നായയുടെ കടിയേറ്റിരുന്നു. ഷോളയൂർ സ്വർണ്ണപിരിവ് ഊരിലെ മൂന്നര വയസുള്ള ആകാശിനാണ് തെരുവ് നായയുടെ കടിയേറ്റത്. തിരുവോണദിനത്തിലായിരുന്നു സംഭവം. മുഖത്താണ് കുട്ടിക്ക് കടിയേറ്റത്. കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടിയിൽ രണ്ടാഴ്ച്ചയിൽ പത്ത് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
പട്ടാമ്പി വിളയൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. കടയിൽ പോകുകയായിരുന്ന യുവാവിന് നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വിളയൂരിലും പരിസര പ്രദേശത്തും തെരുവ് നായയുടെ ആക്രമണം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം, തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു യുവതിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവരുടെ ബൈക്കിനെ പിന്തുടര്‍ന്ന തെരുവുനായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെയാണ് യുവതി റോഡിലേക്ക് വീണത്.
തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ ഒരു കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. തുടർന്ന് ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.ഇടുക്കി ഉപ്പുതറയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. ഉപ്പുതറ കണ്ണംപടി സ്വദേശികളായ അഞ്ച് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കഴിഞ്ഞ പതിമൂന്നിന് പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...