കൊച്ചി: എറണാകുളം (Eranakulam) കളമശേരിയിൽ കനത്ത മഴയിൽ (Heavy rain) മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ (Mudslide) ഒരാൾ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെ കളമശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് അപകടം സംഭവിച്ചത്.
ലോറി ഡ്രൈവറായ തങ്കരാജ് മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലിൽ തങ്കരാജിന്റെ ദേഹത്തേക്ക് വലിയ കല്ല് വന്ന് പതിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തങ്കരാജിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: Heavy rain in Kerala | സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും അതീവ ജാഗ്രത
അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ നാശനഷ്ടങ്ങളും ആളപായങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒഴുക്കിൽപ്പെട്ടുവെന്ന് സശയിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
തെക്കൻ ജില്ലകളിൽ 50 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും ഇന്ന് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തമിഴ്നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം.
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ആന്ധ്രാതീരത്ത് പ്രവേശിക്കും. തിരുവനന്തപുരത്ത് കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാർപ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ചു.
തിരുവനന്തപുരത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. പ്രളയ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി. തെക്കൻ ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...