കൊച്ചി: ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്.
ജില്ലയിൽ കൊച്ചിൻ കോർപ്പറേഷനിലാണ് കൂടുതൽ രോഗബാധിതർ. ഡിവിഷൻ നമ്പർ 31,32 കലൂർ,മട്ടാഞ്ചേരി, ഇടപ്പള്ളി, വടുതല, കൂത്തപ്പാടി മുതലായ പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നീ നഗരസഭ പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിതർ കൂടുതലാണ്.
ജനപ്രതിനിധികളോടൊപ്പം സന്നദ്ധ പ്രവര്‍ത്തകർ, വിവിധ വകുപ്പുകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും പൊതുജനങ്ങളുടെ പൂർണ്ണമായ പങ്കാളിത്തത്തോടെയുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലയിൽ ഡെങ്കിബാധിതപ്രദേശങ്ങളിൽ കൂടുതലായും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലും വീടുകളിൽ അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലുമാണ്.
കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങളും മാലിന്യസംസ്കരണവും ഉറപ്പാക്കിക്കൊണ്ട് എല്ലാ ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.
ALSO READ: 'ഡെങ്കിയ്ക്കെതിരെ ഒരുമിക്കാം'; തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്
വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാം.
അതിനാല്‍ ചെടിച്ചട്ടികളിലേയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. ആക്രിക്കട, ടയര്‍കട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിര്‍മ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയില്‍ മൂടി വയ്ക്കേണ്ടത് പ്രധാനമാണ്.
എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. നീണ്ടുനില്‍ക്കുന്ന പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്.
മലിനജലമോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത്തരം സാഹചര്യങ്ങളും തൊഴിൽ പശ്ചാത്തലവും ഡോക്ടറോട് നിർബന്ധമായും തുറന്ന് പറയേണ്ടതാണ്. ശരിയായ രോഗനിർണ്ണയവും ചികിത്സയും വൈകുന്നത് എലിപ്പനി ഗുരുതരമാകുന്നതിനും മരണം സംഭവിക്കുന്നതിനും കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.