വയനാട്: വയനാട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചതോടെ ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. മക്കിയാട് പാലേരി കോളനിയിലെ നാൽപ്പതുകാരനാണ് എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഇതുവരെ 51 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 131 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതനിർദേശം നൽകിയത്. ഈ വർഷം നാല് പേരാണ് എലിപ്പനി ബാധിച്ച് ഇതുവരെ മരിച്ചത്.
വയനാട് ജില്ലയിലാണ് എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. എലിപ്പനി തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിക്കും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
എന്താണ് എലിപ്പനി?
എലി, കന്നുകാലികള്‍ തുടങ്ങി രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു.
ALSO READ: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇക്കാര്യങ്ങളിൽ ജാഗ്രത വേണം
രോഗലക്ഷണങ്ങള്‍
-പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും ക്ഷീണവും. പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകും.
-കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന
-കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറം
-മൂത്രം മഞ്ഞനിറത്തില്‍ പോവുക
-ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണെന്ന് സംശയിക്കണം.
-വിശപ്പില്ലായ്മ, മനംപുരട്ടൽ, ഛര്‍ദി
-വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്നപാടുകള്‍
-എലിപ്പനി കരളിനെയും മഞ്ഞപ്പിത്തം വൃക്കകളെയും ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു
പ്രതിരോധം
തൊഴിലുറപ്പ്, ശുചീകരണത്തൊഴില്‍, കൃഷി, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, മലിനമായ മണ്ണുമായും കെട്ടി കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കുട്ടികളെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. വെള്ളക്കെട്ടിൽ ഇറങ്ങേണ്ടി വന്നാൽ കയ്യും കാലും ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. എലിപ്പനിയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...