Covid | സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം; മുന്നറിയിപ്പുകൾ അവ​ഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോ​ഗ്യമന്ത്രി

ഒന്നും രണ്ടും തരം​ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം തരം​ഗത്തിൽ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനമാണ് ഉണ്ടാകുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 02:20 PM IST
  • മുന്നറിയിപ്പുകൾ അവ​ഗണിച്ചാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി
  • എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോ​ഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി
Covid | സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം; മുന്നറിയിപ്പുകൾ അവ​ഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാം തരം​ഗത്തിന്റെ (Covid third wave) ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് അതിതീവ്ര വ്യാപനമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും തരം​ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം തരം​ഗത്തിൽ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനമാണ് ഉണ്ടാകുന്നത്. മുന്നറിയിപ്പുകൾ അവ​ഗണിച്ചാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോ​ഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഡെൽറ്റയുടെ വ്യാപനം കുറയുന്നതിന് മുൻപേ വളരെ വേ​ഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്ത് ഇപ്പോൾ ഡെൽറ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. ജങ്ങളിലെ അശ്രദ്ധയും ജാ​ഗ്രതക്കുറവും രോ​ഗവ്യാപനത്തിന് കാരണമായി. ഫെബ്രുവരി 15നകം വ്യാപനം ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും രോ​ഗവ്യാപനത്തിന് കാരണമായെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു.

ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും ഉടൻ ലഭ്യമാകുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ജനിതശ്രേണി പരിശോധനയ്ക്ക് ഇനി സംസ്ഥാനത്ത് പ്രസക്തി ഇല്ല. എന്നാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് അറിയാൻ പരിശോധന തുടരും. സംസ്ഥാനത്ത് സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. ഇക്കാര്യം ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാകുമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോ​ഗപ്രതിരോധശേഷി നൽകുന്ന രോ​ഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വ്യാജപ്രചരണം നടത്തിയാൽ കേസ് എടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേ​ഗത്തിലാണ് ഒമിക്രോൺ പടരുന്നത്. ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം ഉയരുമെന്നാണ് സർക്കാർ കണക്കൂകൂട്ടുന്നത്.

നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകൾ ഉണ്ട്. സ്വകാര്യമേഖലയിൽ 7468 ഐസിയു കിടക്കകളാണ് ഉള്ളത്. സർക്കാർ മേഖലയിൽ 2293 വെന്‍റിലേറ്ററുകൾ ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ട്. അതിനാൽ, മറ്റ് രോ​ഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ രുചിയും മണവും പോയിട്ടില്ലെന്ന് കരുതി ടെസ്റ്റ് ചെയ്യാതിരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധത്തിന്റെ ഭാ​ഗമായി എൻ 95 മാസ്കുകൾ തന്നെ ധരിക്കണം. അതല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ഒമിക്രോൺ രോഗവ്യാപനത്തിൽ ഡ്രോപ്‍ലെറ്റുകൾ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കോവിഡ് വ്യാപനം കുത്തനെ കൂടുന്നതിനിടെ, സിപിഎം സമ്മേളനങ്ങളിൽ ആൾക്കൂട്ടമുണ്ടായതും, മെഗാ തിരുവാതിര നടത്തിയതും തെറ്റ് തന്നെയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തെറ്റ് ആര് ചെയ്താലും തെറ്റാണ്. പാർട്ടി ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ ഏത് പരിപാടി നടത്താവൂ എന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരുന്നതാണ്. എല്ലാവരും ഇത് പാലിക്കണം. സിപിഎമ്മും ഇതിനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News