ഈ മനോഹരമായ ലോകത്തെ നോക്കി മനസ്സ് തുറന്ന് ചിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ? എങ്കില്‍ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ നിങ്ങളാണ്. പണം കൊണ്ടും പ്രശസ്തി കൊണ്ടും ഭാഗ്യരെന്ന് നമ്മള്‍ കരുതുന്ന പലരും ഉള്ളു തുറന്നു ചിരിക്കുന്ന കാര്യത്തില്‍ ദരിദ്രരായിരിക്കും. അവരൊരുപക്ഷെ നിങ്ങളുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരിയെ നോക്കി പറയുന്നുണ്ടാകും ഭാഗ്യവാന്‍ എന്ന്. മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് ചിരിക്കാന്‍ സാധിക്കുക എന്നത്. ഈ ലോകത്തെ ജീവജാലങ്ങളില്‍ നിന്നും മനുഷ്യന് മാത്രം കിട്ടിയ പ്രത്യേകത.
എന്നാല്‍ ആ ഗുണത്തെ ഇന്ന് പലരും ഉപയോഗപ്പെടുത്തുന്നില്ല എന്നുള്ളതാണ് സത്യം. അങ്ങനെ ചിരിക്കാന്‍ മറന്നവരെ വര്‍ഷത്തിലൊരിക്കലെങ്കിലും ഒന്ന് ചിരിപ്പിക്കേണ്ടേ. ആ ദിവസമാണിന്ന്. മെയ് മാസത്തിലെ ആദ്യ ഞായര്‍. ഇന്ന് ലോകമെമ്പാടുമുള്ളവര്‍ ചിരി ദിനമായി ആഘോഷിക്കുന്നു. ചിരിക്കാന്‍ ഒരു ദിവസം എന്ന ആശയം ഈ ലോകത്തിന് സമ്മാനിച്ചത് നമ്മുടെ രാജ്യമാണ്. ആ തരത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇന്ന് അഭിമാനത്തിന്റെ ദിനം കൂടിയാണ്. ഉള്ളു തുറന്ന് ചിരിക്കാനും ചിരിപ്പിക്കാനുമായി ഒരു ദിനം മാറ്റി വെച്ചെങ്കില്‍ ജീവിതത്തില്‍ ചിരിയുടെ പ്രാധാന്യം എത്രത്തോളമായിരിക്കും.
ALSO READ: യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ പ്രശ്നമാണോ? ഈ തെറ്റുകൾ ആവർത്തിക്കരുത്!
ചിരിക്കുമ്പോള്‍ കിട്ടുന്ന ആരോഗ്യപരമായ ഗുണങ്ങള്‍
അര മണിക്കൂര്‍ നടക്കുന്നതിന് തുല്ല്യമാണ് മനസ്സു തുറന്നുള്ള ചിരി. ഇത് കുടവയര്‍ കുറയ്ക്കാന്‍ സാധിക്കുന്നു. ഇത് ശരീരത്തിലെ ഒരു പ്രത്യേക തരം ഊര്‍ജ്ജമാണ്. വൈദ്യശാസ്ത്രത്തിലും ചിരിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ചിരി പ്രതിരോധ സംവിധാനത്തെയും മാനസികരോഗ്യത്തെയും ശക്തിപ്പെടുത്തുന്നു. വേദന കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇതിനൊപ്പം തന്നെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ട്. രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നതിനും രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ചിരി ആയുസ്സ് കൂട്ടുമെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്.
പറഞ്ഞറിയിക്കാന്‍ കഴിയാത്ത പല തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങളിലൂടെയാണ് ഇന്ന് പലരും കടന്നു പോകുന്നത്. അതിനിടയില്‍ പുഞ്ചിരിക്കാന്‍ വിട്ടു പോകുന്നു. ചിരി ഒന്നിനും മരുന്നല്ല, എന്നാല്‍ പ്രശ്‌നങ്ങളെ ഒരു പുഞ്ചിരി കൊണ്ട് നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ജീവിതത്തില്‍ നിങ്ങളെ തളര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല എന്നതാണ് സത്യം. ഡോ. മദന്‍ കത്താരിയയാണ് 1995 ല്‍ മുംബൈയില്‍ നിന്നും ചിരിയോഗ മൂവ്മെന്റിനു തുടക്കമിട്ടുകൊണ്ട് ലോക വ്യാപകമായി ചിരിദിനമെന്ന ആശയം കൊണ്ടു വന്നത്. ചിരി ശുഭസൂചകമായ ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ മൂവ്‌മെന്റ് ആരംഭിച്ചത്. മനുഷ്യ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ശക്തമായ ഒരു മാധ്യമമാണ് പുഞ്ചിരി. നമ്മളെയും ഒപ്പം കൂടെയുള്ളവരുടേയും ജീവിതത്തില്‍ ഒരു ചെറു പുഞ്ചിരിയിലൂടെ സമാധാനം കൊണ്ടു വരാന്‍ സാധിക്കും.
കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയങ്ങളെ ലോകത്തിന് അത്രമേല്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചിരിദിനമായി ആചരിക്കുന്നത്. പണ്ടു കാലങ്ങളില്‍ പാടത്തും പറമ്പിലും കളിയും ചിരിയും തളം കെട്ടി നിന്നിരുന്നു. മനുഷ്യനെ അടുത്തു നിന്നുകൊണ്ട് അവരെ അറിയാന്‍ സാധിച്ചിരുന്നു. അന്ന് ചിരിക്കാനോ ചിരിപ്പിക്കാനും മറ്റു മാധ്യമങ്ങളൊന്നുമില്ല. പിശിക്കില്ലാതെ ചിരിക്കുക ചിരിപ്പിക്കുക അതായിരുന്നു അന്ന് ഏക മാര്‍ഗം. എന്നാല്‍ ഇന്ന് അങ്ങനെയല്ല.
ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യനെ മറികടന്ന് ടെക്ക്‌നോളജികള്‍ ചിന്തിക്കുന്ന കാലം. മനുഷ്യന് മറ്റൊരു മനുഷ്യന്റെ അടുത്തെത്താനും മിണ്ടാനുമായി വിരലൊന്ന് അനക്കിയാല്‍ മതി. ഫെയ്‌സ്ബുക്കും വാട്‌സാപ്പു മടക്കമുള്ള ആപ്പുകള്‍ നമ്മളെ അവര്‍ക്കരികില്‍ എത്തിക്കും. വികാരങ്ങളില്ലെങ്കിലും ആ വികാരത്തിലാണ് നാമെന്നു നടിക്കാനും കാണിക്കാനുമായി നിരവധി ഇമോജികള്‍ ഇന്ന് 'ഇ-കാലത്ത്' ലഭ്യമാണ്. അതുകൊണ്ട് തന്നെ അകന്നിരുന്ന് നമ്മളോടൊരാള്‍ സുഖമാണോ സന്തോഷമായി ഇരിക്കുന്നോ എന്നു ചോദിക്കുമ്പോള്‍ അതിന് മറുപടിയെന്നോണം ആ ഇമോകളില്‍ ഒരെണ്ണം നാം അയക്കുന്നു.
യഥാര്‍ത്ഥത്തില്‍ അപ്പോഴുള്ള നമ്മുടെ വികാരം നമുക്ക് മാത്രം അറിയാം. അങ്ങനെ പരസ്പരം അടുക്കാതെ അടുത്തിരുന്ന് പകലന്തിയോളം ചാറ്റി തീര്‍ക്കുന്ന ഒരുപാടു പേരുണ്ട്. പരസ്പരം ചാറ്റുന്നവരും ലൈക്കിടുന്നവര്‍ പോലും തമ്മില്‍ കണ്ടാല്‍ തമ്മില്‍ ചിരിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.കൊടുക്കും തോറും തിരിച്ചു കിട്ടുന്ന കൊടുത്താല്‍ കുറയാത്ത, ഈ മഹാദ്ഭുതത്തെ ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുമെങ്കില്‍ മറ്റെന്തും നേടാന്‍ നമുക്ക് സാധിക്കും. വലിയ ചിലവൊന്നുമില്ലല്ലോ ഒന്ന് ചിരിച്ചൂടെ എന്ന് നമ്മള്‍ പലരോടും ചോദിക്കാറില്ലേ..അത് നമുക്കും ബാധകമാണ്. ഇതിന് വലിയ ചിലവില്ല. മനസ്സ് തുറന്നു ചിരിക്കാം ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...