കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ ഉപേക്ഷിച്ച കാറിൽ 175 കിലോ കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് ഒളിപ്പിച്ച കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ലഹരിമാഫിയ സംഘത്തെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കി. ഫോർട്ട്‌കൊച്ചിയിലെ ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരി കേസുകളിൽ നേരത്തെ അറസ്റ്റിലായ യുവാവാണ് വാഹനം വാടകയ്ക്കെടുത്തതതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മധുരം കമ്പനി റോഡിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അധികം ആരുടെയും ശ്രദ്ധയിൽപ്പെടാത്തെ പ്രദേശമാണിത്. സ്ഥലത്തെകുറിച്ച് കൃത്യമായി ധാരണയുള്ളവരാണ് കാർ ഇവിടെ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം അമ്പലമേടിൽ അറസ്റ്റിലായ ലഹരിമാഫിയ സംഘവുമായി ബന്ധമുള്ളവരാണ് കഞ്ചാവ് കടത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ALSO READ: Crime: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ഇബി ലൈൻമാന് തടവ് ശിക്ഷ
കൊല്ലത്തെ കുപ്രസിദ്ധ ഗുണ്ട ബോക്സർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അമ്പലമേടിൽ നിന്ന് പിടിയിലായത്. ഒറീസയിൽ നിന്ന് ചരക്കുലോറികളിൽ വലിയ തോതിൽ കഞ്ചാവ് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്നും വിതരണം ചെയ്യുകയായിരുന്നു. നൂറ് കണക്കിന് കിലോ കഞ്ചാവാണ് ഒറീസയിൽ നിന്ന് കടത്തിയിരുന്നത്. ലോറികളിലെത്തിക്കുന്ന കഞ്ചാവ് ഹൈവേകളിലെ ഒഴിഞ്ഞ പ്രദേശങ്ങളിൽ വച്ചാണ് കാറുകളിലേക്ക് മാറ്റുന്നത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്ക് എത്തിക്കും.
ബോക്സർ ദിലീപും സംഘവും പിടിയിലായതോടെ കഞ്ചാവ് പിടികൂടാനുള്ള സാധ്യതയുള്ളതിനാൽ ഇവിടെ ഒളിപ്പിച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ മറ്റൊരു കാറിലെത്തിയ മൂന്നംഗ സംഘം ആണ് ഈ കാറിലേക്ക് കഞ്ചാവ് മാറ്റിയതെന്ന് പോലീസ് കണ്ടെത്തി. ഉപേക്ഷിച്ച കാറിൽ അരക്കോടിയിലേറെ രൂപ വിലവരുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
കൃത്യമായ പദ്ധതി തയാറാക്കിയാണ് ലഹരിക്കടത്തിന് കണ്ണൂർ സ്വദേശിയിൽ നിന്ന് കാർ വടയ്ക്കെടുത്തതെന്നാണ് വിവരം. കാറിൽ ഒളിപ്പിച്ച കഞ്ചാവ് പിന്നീട് ഇതിൽ നിന്ന് മാറ്റാനായിരുന്നു പദ്ധതി. കാർ വാടകയ്ക്ക് എടുത്തവരെകുറിച്ച് വിവരം ഒന്നും ഇല്ലാതെ വന്നത്തോടെയാണ് കാർ ഉടമ ഇവരെക്കുറിച്ച് അന്വേഷിച്ചത്. ഇതേ തുടർന്നാണ് കഞ്ചാവുമായി ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...