ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരി മനയിൽ പി.എസ്.മധുസൂദനൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.
ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി.എസ്.മധുസൂദനൻ നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.
നിലവിലെ മേൽശാന്തി പി.എം.ശ്രീനാഥ് നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 54 പേരിൽ 50 പേർ ഹാജരായി.
ഇവരിൽ നിന്നും യോഗ്യത നേടിയ 45പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ്നറുക്കിട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ, ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
പി.എസ് മധുസൂദനൻ നമ്പൂതിരി രണ്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയാകുന്നത്. നേരത്തെ 2017ൽ അദ്ദേഹം മേൽശാന്തിയായിരുന്നു. നറുക്കെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയായതോടെ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പി.എസ്.മധുസൂദനൻ നമ്പൂതിരിയെ ഫോണിൽ അറിയിച്ചു. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
നറുക്കെടുപ്പ് ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി.നായർ, വി.ജി.രവീന്ദ്രൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
പി.എസ്.മധുസൂദനൻ നമ്പൂതിരി നിലവിൽ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. 20 വർഷമായി കൊച്ചിൻ ദേവസ്വം ബോർഡിൽ സേവനമനുഷ്ഠിക്കുന്നു. ചോറ്റാനിക്കര, പനങ്ങാട്ടുകര ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. ളായിക്കോട്ട് മനയിൽ നിഷയാണ് സഹധർമ്മിണി. ശ്രാവൺ (ഫെഡറൽ ബാങ്ക്, ആലുവ), ഉണ്ണിക്കൃഷ്ണൻ എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy