Dubai Rent: ദുബായിലെ വാടക കുതിച്ചുയരുന്നു; 28 ശതമാനത്തിലധികം വര്‍ദ്ധന... എവിടെ ആണ് കുറഞ്ഞ വാടക? പരിശോധിക്കാം

Dubai Rent : പാം ജുമൈറ മേഖലയിലാണ് വാടക ഏറ്റവും അധികം ഉയർന്നിരിക്കുന്നത്. ഇന്റർനാഷണൽ സിറ്റി മേഖലയിൽ ആണ് താരതമ്യേന വാടക കുറവുള്ളത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 04:37 PM IST
  • വാടകയിൽ ശരാശരി 28.5 ശതമാനം ആണ് ഒരു വർഷം കൊണ്ട് വർദ്ധന ഉണ്ടായിരിക്കുന്നത്
  • അപ്പാർട്ടുമെന്റുകൾക്ക് ഒരു ചതുരശ്ര അടിയ്ക്ക് 88 ദിർഹം ആണ് ശരാശരി വാടക
  • പാം ജുമൈറ മേഖലയിലാണ് ഏറ്റവും ഉയർന്ന വാടക
Dubai Rent: ദുബായിലെ വാടക കുതിച്ചുയരുന്നു; 28 ശതമാനത്തിലധികം വര്‍ദ്ധന... എവിടെ ആണ് കുറഞ്ഞ വാടക? പരിശോധിക്കാം

ദുബായ്: പ്രവാസി മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന യുഎഇയിലെ എമിറേറ്റ് ആണ് ദുബായ്. മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് ദുബായില്‍ വാടക അടക്കമുള്ള ചെലവുകള്‍ കൂടുതലാണ്. എന്നാലിപ്പോള്‍ ദുബായിലെ വാടക ക്രമാതീതമായി കുതിച്ചുയരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചോ പത്തോ ശതമാനം ഒന്നും അല്ല ഈ വര്‍ദ്ധന. ഒറ്റ വര്‍ഷം കൊണ്ട് ശരാശരി 28.5 ശതമാനം ആണ് വാടകയില്‍ വര്‍ദ്ധന വന്നിരിക്കുന്നത്.

ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് സര്‍വ്വീസസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സിബിആര്‍ഇ ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2023 ജനുവരി വരെയുള്ള ഒരു വര്‍ഷത്തെ കണക്കുകളാണ് ഇവര്‍ പരിശോധിച്ചിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക ഒരു വര്‍ഷം കൊണ്ട് 28.8 ശതമാനം ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. വില്ലകളുടെ വാടക 26.1 ശതമാനവും. അപ്പാര്‍ട്ട്‌മെന്റ് വാടക ശരാശരി 98,307 ദിര്‍ഹം (22 ലക്ഷം രൂപ) ആയും വില്ലകളുടെ വാടക ശരാശരി 290,242 ദിര്‍ഹം (65.5 ലക്ഷം രൂപ) ആയും വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തേക്കുള്ള വാടകയാണ് മേല്‍ സൂചിപ്പിച്ചിട്ടുള്ളത്.

Read Also: 'പറക്കും ടാക്‌സി' സ്‌റ്റേഷനുകളുടെ ഡിസൈന്‍ അംഗീകരിച്ചു; മണിക്കൂറില്‍ 300 കിമീ വരെ വേഗത്തില്‍ പറക്കാം...

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും ഏറ്റവും അധികം വാടക കൂടിയിട്ടുള്ളത് പാം ജുമൈറ മേഖലയില്‍ ആണ്. വില്ലകള്‍ക്ക് ശരാശരി 1,032,763 ദിര്‍ഹം ആണ് ശരാശരി വാടക ചോദിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 258,529 ദിര്‍ഹവും. അതേസമയം മറ്റൊരു കാര്യവും ഇവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പല കമ്യൂണിറ്റികളും അവരുടെ വാടകത്തുക കുറയ്ക്കുന്നുണ്ട് എന്നതാണത്. 

വലിയ വരുമാനമുള്ളവര്‍ക്ക് മാത്രമേ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ വരുമാനം അല്‍പം കുറഞ്ഞവര്‍ക്ക് താമസിക്കാന്‍ പറ്റിയ സ്ഥലങ്ങളും ദുബായില്‍ ലഭ്യമാണ്. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ 30,000 ദിര്‍ഹത്തിന് (6.76 ലക്ഷം രൂപ) അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിക്കും. 

Read Also: ബഹിരാകാശത്തേക്ക് സൗദിയുടെ കുതിപ്പ്! ആദ്യ വനിതയെ ഉടന്‍ അയക്കും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ടുപേര്‍

എന്തായാലും ദുബായിലെ വാടകയില്‍ ഒരുമാസം കൊണ്ട് വന്ന വര്‍ദ്ധന തന്നെ ഞെട്ടിപ്പിക്കുന്നതാണ്. അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യത്തില്‍ 2.7 മുതല്‍ 4.8 ശതമാനം വരെയാണ് വര്‍ദ്ധന. വില്ലകളുടെ കാര്യത്തില്‍ 0.1 ശതമാനം മുതല്‍ 5 ശതമാനം വരേയും വാടക കൂടിയിട്ടുണ്ട്. ചതുരശ്ര അടി കണക്കില്‍ ആണ് വാടക കണക്കാക്കുന്നത്. ്പ്പാര്‍ട്ടുമെന്റുകള്‍ക്ക് ചതുരശ്ര അടിയ്ക്ക് 88 ദിര്‍ഹം ആണ് ദുബായിലെ ശരാശരി വാടക. ഡൗണ്‍ ടൗണ്‍ ദുബായില്‍ ആണ് ഏറ്റവും ഉയര്‍ന്ന വാടക- 1507 ദിര്‍ഹം. പാം ജുമൈറയില്‍ ഇത് 133 ദിര്‍ഹവും ഓള്‍ഡ് ടൗണില്‍ 135 ദിര്‍ഹവും ആണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ആണ് ഏറ്റവും കുറവ്- 68 ദിര്‍ഹം. ഒറ്റ മാസം കൊണ്ട് ഇവിടെ വാടക 4.6 ശതമാനം കുറഞ്ഞിട്ടുള്ള അവസ്ഥയാണിത്. വില്ലകളാകുമ്പോള്‍ ചതുരശ്ര അടിയ്ക്ക് 82 ദിര്‍ഹം ആണ് ശരാശരി വാടക. ഒരു മാസം കൊണ്ട് 2.9 ശതമാനം ആണ് ഇതില്‍ വന്നിട്ടുള്ള വര്‍ദ്ധന. പാം ജുമൈറയിലാണ് വില്ലകള്‍ക്ക് ഏറ്റവും അധികം വാടക. ഇവിടെ ചതുരശ്ര അടിയ്ക്ക് 157 ദിര്‍ഹം വരും. 

കുടുംബമായി താമസിക്കുന്ന പ്രവാസികളാണ് പലപ്പോഴും പെട്ടുപോവുക. പങ്കാളികള്‍ രണ്ട് പേരും ജോലി ചെയ്യുന്നില്ലെങ്കില്‍ വലിയ വാടക എന്നത് പ്രതിസന്ധിയാകും. അത്തരം ഘട്ടങ്ങളില്‍ വില്ലകളുടേയും അപ്പാര്‍ട്ട്‌മെന്റുകളുടേയും ഒരു ഭാഗം മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കിയാണ് പലരും പിടിച്ചുനില്‍ക്കുന്നത്. രണ്ട് കൂട്ടര്‍ക്കും സാമ്പത്തികാശ്വാസം നല്‍കുന്നതാണിത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ളവർ ജോലി ചെയ്യുന്ന ഇടമാണ് ദുബായ്. അതുപോലെ തന്നെ, ലോകത്തിലെ വൻ സമ്പന്നർക്കെല്ലാം വലിയ ആഡംബര വില്ലകളുള്ള നാടും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News