New Delhi: യുഎഇ ടി-20 ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിനായുള്ള ആഗോള കരാറിൽ സീ ഗ്രൂപ്പ് ഒപ്പ് വെച്ചു. ലോകമെമ്പാടും സീ-യുടെ വിവിധ ചാനലുകളിലും ഒടിടി പ്ലാറ്റ്ഫോമായ ZEE5-ലും മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും.
190 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സീ നെറ്റ് വർക്കിലൂടെയുള്ള സംപ്രേക്ഷണം കൂടുതൽ ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കും ടി20 ലീഗ് എത്തിക്കാൻ തങ്ങൾ സജ്ജമാണെന്ന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ദക്ഷിണേഷ്യ, ബിസിനസ് പ്രസിഡന്റ് രാഹുൽ ജോഹ്രി പറഞ്ഞു. ആഗോളതലത്തിൽ തന്നെ, ഏറ്റവും വലിയ ക്രിക്കറ്റ് താരങ്ങളെയും ഫ്രാഞ്ചൈസികളെയും ആകർഷിക്കുന്ന ലീഗ്, ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മത്സരങ്ങളുടെ സംപ്രേക്ഷണത്തിനായി സീ പോലുള്ള നിരവധി വർഷത്തെ പാരമ്പര്യമുള്ള ബ്രോഡ്കാസ്റ്റ് പങ്കാളിയെ ലഭിക്കുന്നത് സംതൃപ്തി നൽകുന്ന കാര്യമാണെന്ന് യുഎഇയുടെ ടി20 ലീഗ് ചെയർമാൻ ഖാലിദ് അൽ സറൂണിയും പറഞ്ഞു. സീ-യുടെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്കയ്ക്കും ബിസിനസ് സൗത്ത് ഏഷ്യ പ്രസിഡൻറ് രാഹുൽ ജോഹ്റിക്കും താൻ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
34 മത്സരങ്ങളുള്ള ലീഗിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി സ്പോർട്സ്ലൈൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലാൻസർ ക്യാപിറ്റൽ, ജിഎംആർ ഗ്രൂപ്പ്, കാപ്രി ഗ്ലോബൽ എന്നിവയുൾപ്പെടെ 6 ടീമുകളാണ് പങ്കെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...