ക്രിക്കറ്റ് (Cricket) ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി-20 ലോകകപ്പ് (T-20 World Cup) മത്സരങ്ങൾക്ക് ഇന്ന് ആരംഭം. ഇന്നാരംഭിക്കുന്ന സൂപ്പര്‍ 12 മത്സരങ്ങളിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും (australia vs southafrica) ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെയും (England vs West Indies) നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. ആദ്യ മത്സരം അബുദാബിയിലും (Abudabi) രണ്ടാം മത്സരം ദുബായിലും (Dubai) നടക്കും.
സൂപ്പര്‍ പന്ത്രണ്ടില്‍ 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, നമീബിയ, സ്കോട്ട്ലന്റ് ടീമുകളും മാറ്റുരയ്ക്കും. പ്രതാപകാലം വീണ്ടെടുക്കാന്‍ ഓസ്ട്രേലിയയും ലോകക്രിക്കറ്റില്‍ മികച്ച തിരിച്ചുവരവിനായി ദക്ഷിണാഫ്രിക്കയും ഇന്ന് അറേബ്യന്‍ മണ്ണില്‍ ഇറങ്ങുകയാണ്.
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഓസ്ട്രേലിയ ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ന്യൂസിലന്റിനോട് ടീം ജയിച്ചിരുന്നുവെങ്കിലും ടീമിന്റെ ഫോം അവര്‍ക്ക് തിരിച്ചടിയാണ്. അതേസമയം ദക്ഷിണാഫ്രിക്കയാവട്ടെ അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നിവര്‍ക്കെതിരായുള്ള രണ്ട് മല്‍സരങ്ങളിലും ജയിച്ച് തകര്‍പ്പന്‍ ഫോമിലാണ്.
ഓപ്പണർമാരുടെ ഫോമാണ് ഓസ്ട്രേലിയയെ വലയ്ക്കുന്നത്. ന്യൂസീലൻഡിനും ഇന്ത്യക്കുമെതിരെ നടന്ന സന്നാഹമത്സരങ്ങളിൽ വാർണറും ഫിഞ്ചും പരാജയപ്പെട്ടു. 0, 1 എന്നിങ്ങനെയായിരുന്നു വാർണറുടെ സ്കോറുകൾ. ഫിഞ്ച് അല്പം കൂടി ഭേദമാണ്. 24, 8 എന്നിങ്ങനെയാണ് ഓസീസ് ക്യാപ്റ്റൻ്റെ സമ്പാദ്യം. സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരടങ്ങിയ മധ്യനിര താരതമേന മികച്ചുനിൽക്കുന്നു. ഐപിഎലിലെ ഫോം തുടരുന്ന മാക്സ്വലിലാണ് ഓസ്ട്രേലിയൻ പ്രതീക്ഷകൾ. സ്മിത്തും സ്ഥിരത കാണിക്കുന്നുണ്ട്.
ബൗളിംഗ് നിര ശരാശരിയാണ്. സ്റ്റാർക്ക് മാത്രമേ സ്ഥിരത പുലർത്തുന്നുള്ളൂ. മോശം ഫോമിലാണെങ്കിലും വാർണർ ടീമിൽ തുടരും. മൂന്നാം നമ്പറിൽ മിച്ചൽ മാർഷും കളിക്കും. പിച്ച് പരിഗണിച്ച് എക്സ്ട്ര സ്പിന്നറെ കളിപ്പിക്കാൻ തീരുമാനിച്ചാൽ കമ്മിൻസിനോ ഹേസൽവുഡിനോ പകരം ആഷ്ടൻ ആഗർ എത്തും.
ദക്ഷിണാഫ്രിക്ക (South Africa) ഇറങ്ങുന്നത് തെബാ ബാവുമയുടെ നേതൃത്വത്തിലാണ്. ദക്ഷിണാഫ്രിക്കയിൽ വമ്പൻ പേരുകളില്ലെങ്കിലും മികച്ച ഒരു ടീമുണ്ട്. ട്വന്റിയിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡിനൊപ്പമാണുള്ളത്. കഗിസോ റബാദെ, ലുങ്കി എന്‍ഗിഡി, ആന്ററിച്ച് നോര്‍ട്ട്ജെ, തബ്രെയ്സ് ഷംസി എന്നീ ബൗളര്‍മാര്‍ തന്നെയാണ് അവരുടെ കരുത്ത്. ബാറ്റിങില്‍ റാസി വാന്‍ ഡെര്‍ ഡസ്സന് എയ്ഡന്‍ മര്‍ക്രം എന്നിവരും മികച്ച ഫോമിലാണ്. സന്നാഹമത്സരങ്ങളിൽ 7, 6 എന്നിങ്ങനെ മാത്രം സ്കോർ ചെയ്യാനായ ക്വിൻ്റൺ ഡികോക്ക് ആശങ്കയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...