മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി ഐപിഎൽ മേഗാ ലേലത്തിന്റെ (IPL Mega Auction 2022) തിയതി സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. താരലേലം ഫെബ്രുവരി 12,13 തിയതികളിലായി നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഇത്തവണ താരലേലത്തിനുള്ള വേദി കേരളത്തിലാകാനും സാധ്യതയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന. റിപ്പോർട്ടുകൾ ബിസിസിഐ ശരിവെച്ചാൽ ഇന്ത്യൻ കായിക മാമാങ്കത്തിന്റെ വേദി കൊച്ചിയായേക്കും.
ദക്ഷിണേന്ത്യയിലെ ഒരു നഗരമാകും ഇത്തവണത്തെ താരലേലത്തിന് വേദിയാകുക എന്നാണ് ബിസിസിഐ വൃത്തങ്ങൾ ഉദ്ദരിച്ച് ദേശീയ സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
കൊച്ചിക്ക് പുറമെ ബാംഗ്ലൂരിനും മെഗാ ലേലത്തിന് വേദിയാകാനും സാധ്യതയുണ്ട്. എന്നാൽ വേദി നിർണയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാകും. ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരങ്ങൾക്കിടെയാണ് താര ലേലം നടക്കാൻ സാധ്യത.
നിലവിലുള്ള എട്ട് ടീമുകൾ തങ്ങൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക കഴിഞ്ഞ മാസം പുറത്ത് വിട്ടിരുന്നു. പുതിയ ഫ്രാഞ്ചൈസികളായ ലഖ്നൗ, അഹമ്മദബാദ് ടീമുകൾക്ക് ലേലത്തിന് മുമ്പവരെ മൂന്ന് താരങ്ങളെ ഡ്രാഫ്റ്റ് വഴി സ്വന്തമാക്കാൻ സാധിക്കും.
ടീം രൂപപ്പെടുത്താനായി ഒരു ഫ്രാഞ്ചൈസിക്ക് ഏറ്റവും കൂടുതൽ 90 കോടി രൂപ വരെ ചിലവഴിക്കാം. റിറ്റെൻഷൻ കഴിഞ്ഞ നിലവിലെ എട്ട് ടീമുകളിൽ ലേലത്തിൽ ചെലവഴിക്കാനുള്ള ഏറ്റവും കൂടുതൽ പണം പഞ്ചാബ് കിങ്സിന്റെ പക്കലാണ്. 72 കോടി രൂപയാണ് റിറ്റെൻഷൻ കഴിഞ്ഞ് പഞ്ചാബിന്റെ പക്കലുള്ളത്.
ഏറ്റവും കുറവ് ഡൽഹി ക്യാപിറ്റൽസിന്റെ പക്കലാണ്, 47.5 കോടി. അതിന് മുകളിലായി ചെന്നൈ (48 കോടി), കെകെആർ (48 കോടി), മുംബൈ (48 കോടി) ആർസിബി (57 കോടി) രാജസ്ഥാൻ റോയൽസ് (62 കോടി), സൺറൈസേഴ്സ് ഹൈദരാബാദ് (68കോടി) എന്നിങിനെയാണ് നിലവിലെ എട്ട് ടീമുകൾക്ക് ലേലത്തിൽ ചെലവഴിക്കാൻ കൈവശമുള്ള ബാക്കി തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...