Euro Cup 2024: മ്യൂണിക്കില്‍ 'ഫ്രഞ്ച് ടോസ്റ്റ്'! 16 കാരന്‍ യമാലിന്റെ തേരോട്ടത്തിലേറി സ്‌പെയിന്‍ ഫൈനലില്‍, തോറ്റുരുകി എംബാപ്പെ

Euro Cup 2024 Semi Final: എട്ടാം മിനിട്ടിൽ ആദ്യ ഗോൾ നേടി മുന്നിട്ടു നിന്ന ഫ്രാൻസിനെ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ പരാജയപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 11:22 AM IST
  • യൂറോകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് ഇനി ലാമിയന്‍ യമാലിന് സ്വന്തം
  • നാലാം കിരീടം തേടിയാണ് സ്പെയിൻ ഇനി ഫൈനലിൽ കളിക്കുക
  • സ്പെയിൻ കഴിഞ്ഞ തവണ സെമിയിൽ പുറത്തായിരുന്നു
Euro Cup 2024: മ്യൂണിക്കില്‍ 'ഫ്രഞ്ച് ടോസ്റ്റ്'! 16 കാരന്‍ യമാലിന്റെ തേരോട്ടത്തിലേറി സ്‌പെയിന്‍ ഫൈനലില്‍, തോറ്റുരുകി എംബാപ്പെ

കായിക ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് 'മ്യൂണിക് കൂട്ടക്കുരുതി' എന്ന് അറിയപ്പെടുന്ന ഭീകരാക്രമണം. 1972 ലെ സമ്മര്‍ ഒളിംപിക്‌സില്‍ പലസ്തീന്‍ രാഷ്ട്രവാദികള്‍ നടത്തിയ ഭീകരാക്രമണം ആയിരുന്നു അത്. കായിക ലോകം ഒരിക്കലും മറക്കാത്ത ദുരന്തം.

എന്നാല്‍ യൂറോ കപ്പില്‍ കഴിഞ്ഞ ദിവസം മ്യൂണിക്കില്‍ അരങ്ങേറിയത് ഒരു ഫ്രഞ്ച് ദുരന്തം ആയിരുന്നു. സെമി ഫൈനലില്‍ സ്‌പെയിനിനെതിരെ എംബാപ്പെയുടെ ഫ്രാന്‍സ് പരാജയപ്പെട്ട് പുറത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്‌പെയിനിന്റെ വിജയം. ലാമിയന്‍ യമാലിന്റെ തകര്‍പ്പന്‍ ഗോളിനും മ്യൂണിക്ക് സ്‌റ്റേഡിയം സാക്ഷിയായി.

കഴിഞ്ഞ തവണ സെമി ഫൈനലില്‍ വീണുപോയതിന്റെ കണക്ക് തീര്‍ക്കാന്‍ ഉറപ്പിച്ച് തന്നെയായിരുന്നു സ്‌പെയിന്‍ താരങ്ങള്‍ ബൂട്ടണിഞ്ഞെത്തിയത്. എന്നാല്‍ കളിയുടെ തുടക്കത്തില്‍ ഫ്രഞ്ച് പടയോട്ടത്തിന്റെ കാഴ്ചയായിരുന്നു മ്യൂണിക്ക് സ്‌റ്റേഡിയത്തില്‍ വിരിഞ്ഞത്. എട്ടാം മിനിട്ടില്‍ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ ഒരു കിടിലന്‍ ക്രോസ് കോലോ മുവാനി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സ്പാനിഷ് വലയിലേക്ക് പായിച്ചു. 

യൂറോ ഫൈനലിലേക്ക് ഫ്രാന്‍സിന്റെ വഴി തുറന്നു എന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ പിന്നീട് കണ്ടത് അതി ഗംഭീരമായ സ്പാനിഷ് തിരിച്ചുവരവായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ അവര്‍ ഫ്രഞ്ച് പ്രതിരോധത്തിനിടയിലേക്ക് പായിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 21-ാം മിനിട്ടില്‍ മാന്ത്രിക കൗമാരക്കാരന്‍ ലാമിയന്‍ യമാല്‍ ഫ്രഞ്ച് പ്രതിരോധം തകര്‍ത്ത് ഗോള്‍ വല കുലുക്കി സമനില ഗോള്‍ നേടി. അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന, അളന്നുമുറിച്ച ഷോട്ടിലൂടെ യമാല്‍ ഒരു റെക്കോര്‍ഡ് കൂടി സ്ഥാപിച്ചു. യൂറോയിലെ, ഏറ്റവും പ്രായം കുറഞ്ഞ ഗോളിനുടമ എന്ന റെക്കോര്‍ഡ്.

തിരിച്ചുവരാന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ് കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഭാഗ്യവും ഫിനിഷിങ് മികവും സ്‌പെയിനിനൊപ്പം ആയിരുന്നു. 25-ാം മിനിട്ടില്‍ വീണ്ടും ഫ്രാന്‍സിന്റെ വല കുലുങ്ങി. ഡാനി ഒല്‍മോയുടെ ഷോട്ട് തടയാനുള്ള ഫ്രഞ്ച് ഡിഫന്‍ഡര്‍ ജൂണ്‍സ് കൂണ്ടെയുടെ ശ്രമം ഫലം കണ്ടില്ല. കാലില്‍ തട്ടി പോസ്റ്റിനുള്ളിലേക്ക് തന്നെ പതിച്ചു.

മറുപടി ഗോളിന് വേണ്ടിയുള്ള ഫ്രാന്‍സിന്റെ നിതാന്തശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്. എന്നാല്‍, സ്പാനിഷ് പ്രതിരോധത്തെ കീറിമുറിച്ച് ലക്ഷ്യം ഭേദിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ കളം നിറഞ്ഞ് കളിച്ചെങ്കിലും ഫലം ഉണ്ടായില്ല. 76-ാം മിനിട്ടില്‍ തിയോ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ക്രോസ്സിന് മുകളിലൂടെ പുറത്തേക്ക് പാഞ്ഞു. 86-ാം മിനിട്ടില്‍ ഒരു അസുലഭ അവസരം കിലിയന്‍ എംബാപ്പെയും കളഞ്ഞുകുളിച്ചു. 

മൂന്നാം യൂറോ കിരീടം എന്ന ഫ്രാന്‍സിന്റെ സ്വപ്‌നം മ്യൂണിക്കില്‍ പൊലിഞ്ഞു. ഗോള്‍ രഹിതമായ രണ്ടാം പകുതിയ്‌ക്കൊടുവില്‍ സ്‌പെയിന്‍ യൂറോ കപ്പ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഇനി ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള രണ്ടാം സെമിയില്‍ തീരുമാനിക്കപ്പെടും, ആരായിരിക്കും യൂറോ ഫൈനലില്‍ സ്‌പെയിനിന്റെ എതിരാളികളെന്ന്. കഴിഞ്ഞ തവണ ഫൈനലില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News