ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഇത്തവണ ഒരുപാട് അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെയുള്ളതോ, അല്ലെങ്കില്‍ അതിലും വലുതോ ആയ അട്ടിമറികളും കറുത്ത കുതിരകളുടെ ഉയിര്‍പ്പും എല്ലാം ആണ് ഇത്തവണത്തെ യൂറോ കപ്പില്‍ കാണുന്നത്. ജൂണ്‍ 17 ന് നടന്ന മത്സരങ്ങള്‍.
ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തിനെ 48-ാം റാങ്കുകാരായ സ്ലൊവാക്യ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിച്ചതിനാണ് യൂറോ കപ്പ് സാക്ഷ്യം വഹിച്ചത്. രണ്ടാം റാങ്കുകാരായ ഫ്രാന്‍സ് ഒരു സെല്‍ഫ് ഗോളിന്റെ മാത്രം ബലത്തില്‍ 25-ാം റാങ്കുകാരായ ഓസ്ട്രിയയോട് ജയിച്ചതും ഫുട്‌ബോള്‍ ലോകം കണ്ടു. രണ്ട് മത്സരങ്ങളിലും ഓരോ ഗോളുകള്‍ വീതം മാത്രമാണ് വീണത് എന്നതും ശ്രദ്ധേയം.
ഫിഫ റാങ്ക് പട്ടികയിലെ മൂന്നാം സ്ഥാനത്തിന്റെ മേല്‍ക്കോയ്മയുമായിട്ടാണ് ബെല്‍ജിയം മൈതാനത്തിറങ്ങിയത്. എന്നാല്‍ കളി തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ സ്ലൊവാക്യ കോയെന്‍ കാസ്റ്റീല്‍സ് കാത്ത ബെല്‍ജിയന്‍ ഗോള്‍വല കുലുക്കി. ഇവാന്‍ ഷ്രാന്‍സിന്റെ ആ ഗോള്‍ സ്ലൊവാക്യയുടെ വിജയ ഗോള്‍ ആയി മാറുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ സംഭവിച്ചത് അത് തന്നെ ആയിരുന്നു.
സൂപ്പര്‍ താരം ലുക്കാക്കുവിന്റെ സാന്നിധ്യം അപ്പോഴും ബെല്‍ജിയത്തിന് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുന്നുണ്ടായിരുന്നു. രണ്ട് തവണ ലുക്കാക്കു സ്ലൊവാക്യന്‍ ഗോള്‍വല കുലുക്കുകയും ചെയ്തു. എന്നാല്‍ ഒന്ന് ഓഫ് സൈഡും മറ്റൊന്ന് ഹാന്‍ഡ് ബോളും ആയിരുന്നു. 'വാര്‍' ആയിരുന്നു ബെല്‍ജിയത്തിന് ഗോള്‍ നിഷേധിച്ചത്. അങ്ങനെ തുടര്‍ച്ചയായ 16 ജയങ്ങള്‍ക്ക് ശേഷം 48-ാം റാങ്കുകാരില്‍ നിന്ന് ബെല്‍ജിയം പരാജയം രുചിച്ച് മടങ്ങി.
ഏറെ കാത്തിരുന്ന മറ്റൊരു മത്സരം ആയിരുന്നു ഫ്രാന്‍സും ഓസ്ട്രിയയും തമ്മിലുള്ളത്. ഫ്രാന്‍സിനെ മുമ്പ് അട്ടിമറിച്ച ചരിത്രം അവകാശപ്പെടാനുള്ള ടീം തന്നെ ആയിരുന്നു ഓസ്ട്രിയ. എന്നാല്‍ കളിക്ക് മുന്നേ അത്തരത്തിലുള്ള പ്രവചനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കിലിയന്‍ എംബാപ്പെയുള്ള നേതൃത്വത്തിലുള്ള ഫ്രഞ്ച് പടയെ ആര്‍ക്കും അത്ര എളുപ്പത്തില്‍ തളയ്ക്കാന്‍ ആവില്ല എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിലെ 25-ാം സ്ഥാനക്കാരായ ഓസ്‌ട്രേയി ശരിക്കും വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കളിയുടെ തുടക്കത്തില്‍ തന്നെ ലഭിച്ച ഒരു മികച്ച അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞില്ല. പിന്നീട് പലതവണ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ഗോള്‍വല കുലുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 38-ാം മിനിട്ടില്‍ എംബാപ്പെ നല്‍കിയ ക്രോസ് ഹെഡ് ചെയ്ത് പുറത്തേക്ക് തട്ടാന്‍ ശ്രമിച്ച ഓസ്ട്രിയന്‍ താരം മാക്‌സ്മില്യന്‍ വോബറിന് സംഭവിച്ച് പിഴവിന് വലിയ വിലയാണ് അവര്‍ നല്‍കേണ്ടിവന്നത്. ആ സെല്‍ഫ് ഗോളിലൂടെ പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കേണ്ടി വന്നു സ്ലൊവാക്യക്ക്.
കളിയുടെ അവസാന മിനിട്ടുകളില്‍ ഇരുടീമുകളും എതിര്‍ ഗോള്‍മുഖങ്ങളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരിക്കുകയായിരുന്നു. 84-ാം മിനിട്ടില്‍ പെനാള്‍ട്ടി ബോക്‌സിന് സമീപത്ത് വച്ച് ഫ്രാന്‍സിന് ലഭിച്ച ഒരു ഫ്രീ കിക്ക് ഹെഡ്ഡറിലൂടെ ഗോളാക്കിമാറ്റാനുള്ള കിലിയന്‍ എംബാപ്പെയുടെ ശ്രമം പരാജയപ്പെട്ടു. ഫലം, മൂക്കില്‍ നിന്ന് ചോര വന്ന് എംബാപ്പെയ്ക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ ആകാതെ പിന്‍മാറേണ്ടി വന്നു. ഒടുവില്‍ ഓസ്ട്രിയയുടെ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സിന് വിജയം.
മറ്റൊരു മത്സരത്തില്‍ 22-ാം റാങ്കുകാരായ യുക്രൈനിനെ 46-ാം റാങ്കുകാരായ റൊമാനിയ അട്ടിമറിച്ചു. അട്ടിമറി എന്ന് വെറുതേ പറഞ്ഞാല്‍ മതിയാവില്ല, എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റൊമാനിയയുടെ വിജയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy