കൊച്ചി : റിലീസായി തിയറ്ററുകളിൽ വൻ വിജയമായി തീർന്നിട്ടും കടുവ സിനിമയെ വെറുതെ വിടാതെ ജോസ് കുരുവിനാക്കുന്നേൽ. ആഴ്ചകൾക്ക് മുമ്പ് പ്രശ്നമെല്ലാം ഒത്തുതീർപ്പായി ജോസ് കുരുവിനാക്കുന്നേൽ തന്റെ കഥ പറയുന്ന സിനിമ കാണാൻ തിയറ്ററിലെത്തിയെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവാച്ചൻ സിനിമയ്ക്കെതിരെ അടുത്ത നിയമ പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റീലസ് തടയണമെന്നാവശ്യപ്പെട്ടും ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളിൽ കോടതി വിധി ലംഘിച്ച് നായകന് കുറുവച്ചൻ എന്ന യഥാർഥ പേര് നൽകിയാണ് റിലീസ് ചെയ്തതെന്നും അറിയിച്ചകൊണ്ടാണ് ജോസ് കുരുവിനാക്കുന്നേൽ ഹൈക്കോടതയിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച കോടതി ചിത്രത്തിന്റെ നിർമാതാക്കൾക്ക് നോട്ടീസയക്കാൻ ഉത്തരവിറക്കുകയും ചെയ്തു.
സിനിമയുടെ അണിയറപ്രവർത്തകരുമായി നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ചിത്രത്തിൽ ഉപയോഗിച്ചിരുന്ന കുറുവച്ചൻ എന്ന പേര് കുര്യാച്ചൻ എന്നതിലേക്ക് മാറ്റിയത്. നിയമപ്പോരാട്ടത്തെ തുടർന്ന് ചിത്രത്തിന്റെ തിയറ്റർ റിലീസ് വൈകുകയും സെൻസർ ബോർഡ് കോടതി നിർദേശത്തെ തുടർന്ന് നായക കഥാപാത്രത്തിന്റെ പേരിൽ മാറ്റം വരുത്തി ജൂലൈ ഏഴിന് റിലീസ് ചെയ്യുകയായിരുന്നു. പിന്നീട് സിനിമ കാണാൻ സാക്ഷാൽ കുറുവച്ചൻ എത്തുകയും ചെയ്തിരുന്നു.
എന്നാൽ ചിത്രം കണ്ട് സിനിമയ്ക്കുള്ളിൽ നിന്നും തെളിവുകൾ സ്വീകരിക്കാനാണ് കുറുവാച്ചനെത്തിയതെന്ന് അദ്ദേഹത്തോടുള്ള അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് മനോരമ ഓൺലൈൻ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഹൈക്കോടതി വിധി പ്രകാരം ലോകത്തെവിടെ റിലീസ് ചെയ്താലും അതിൽ തന്റെ യഥാർഥ പേര് ഉണ്ടാകാൻ പാടില്ലയെന്നാണ്, ആ ഉത്തരവിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ലംഘനം നടത്തിയെന്നാണ് കുറുവച്ചന്റെ പരാതി. ഇതെ തുടർന്ന് ഒടിടി റിലീസും തടയണമെന്നാണ് കുറുവാച്ചന്റെ ആവശ്യം.
ഒടിടി റിലീസിന് സെൻസർ ബോർഡിന്റെ അനുമതി ആവശ്യമില്ലാത്ത സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസാകുന്ന ചിത്രത്തിന് യഥാർഥ പേര് ഉപയോഗിച്ചെന്നിരിക്കും. കൂടാതെ ഇന്ത്യക്ക് പുറത്ത് ജിസിസി രാജ്യങ്ങളിലും ന്യൂസിലാൻഡ്, കാനഡ, അമേരിക്ക എന്നിവടങ്ങളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ തെളിവുകൾ സഹിതമാണ് കുറുവച്ചൻ കോടതിയിൽ സിനിമയ്ക്കെതിരെ വീണ്ടും ഹർജി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി സിനിമയുടെ നിർമാതാക്കൾക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകി ഉത്തരവിറക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.