തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകൻറെ നെഞ്ചിടിപ്പിന് വേഗത കൂട്ടാൻ ദി മീഡിയം എന്ന തായ് ചിത്രം പ്രദർശനത്തിനെത്തും. മേളയിലെ നാലാം ദിവസമായ മാർച്ച് 21നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിലെ ബയാൻ എന്നയാളുടെ ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരമാണ് ചിത്രത്തിൻറെ ഇതിവൃത്തം.
തലമുറകളായി ഒരു കുടുംബത്തിലെ സ്ത്രീകളെ കൈവശം വയ്ക്കുന്ന ബയാൻ എന്ന ദുരാത്മാവിന്റെ അവിശ്വസനീയമായ ഇടപെടലുകൾക്ക് പരിഹാരം കാണുന്ന മിങ്ക് എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് മേളയിലേത്.
ഹൊറർ തായ്ചിത്രമായ 'ദി മീഡിയ'ത്തിന് വൻ പ്രേക്ഷക ശ്രദ്ധ ലഭിക്കുമെന്നാണ് ചലച്ചിത്ര പ്രവർത്തകരും പ്രതീക്ഷിക്കുന്നത്. ഷട്ടർ എന്ന ഹൊറർ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ ബൻജോങ്ങാണ് ദി മീഡിയം ഒരുക്കിയിരിക്കുന്നത്.
ബുച്ചിയോൺ അന്താരാഷ്ട്ര ഫെൻറ്റാസ്റ്റിക് ചലച്ചിത്രമേള, മാനിയാറ്റിക് ഫെന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ സാൻ സെബാസ്റ്റ്യൻ ഹൊറർ ആൻഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിതെന്ന പ്രത്യേകതയും മേളയിലെത്തുന്നതോടെ കൈവരും. ഷിവർ - ഷിവർ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.
മറ്റന്നാൾ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇക്കുറിയും പ്രധാനവേദി വഴുതക്കാട് ടാഗോർ തിയേറ്റർ തന്നെയാകും. 18 മുതൽ 25 വരെ നടക്കുന്ന 26-ാമത് ചലച്ചിത്രമേളയിൽ 15 തിയേറ്ററുകളിലായി ഏഴു വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയ്യേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് ,നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...