കാര്യവട്ടത്തെ കളി കാണാന്‍ ആളില്ലാത്തതിന്റെ കാരണം മന്ത്രിയുടെ പ്രസ്താവന മാത്രമല്ല! സഞ്ജു സാംസണ്‍ മുതല്‍ ശബരിമല വരെ...?

Greenfield Stadium Gallery: മന്ത്രി വി അബ്ദുറഹ്മാന്റെ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, കാണികളുടെ എണ്ണം കുറഞ്ഞത് അതുകൊണ്ട് മാത്രമല്ല.

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 04:51 PM IST
  • മന്ത്രിയുടെ പരമാർശം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നതായിരുന്നു എന്നതിൽ സംശയമില്ല
  • സഞ്ജു സാംസൺ കളിക്കാനുണ്ടായിരുന്നെങ്കിൽ കൂടുതൽ ആരാധകർ സ്റ്റേഡിയത്തിലെത്തിയേനെ
  • ഒഴിഞ്ഞുകിടന്ന ഗാലറി അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തു
കാര്യവട്ടത്തെ കളി കാണാന്‍ ആളില്ലാത്തതിന്റെ കാരണം മന്ത്രിയുടെ പ്രസ്താവന മാത്രമല്ല! സഞ്ജു സാംസണ്‍ മുതല്‍ ശബരിമല വരെ...?

തിരുവനന്തപുരം: ആറ്റുനോറ്റിരുന്നാൽ ആണ് കേരളത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വരിക. അങ്ങനെ വരുമ്പോള്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് കേരളത്തിന്റേത്. എന്നാല്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ക്കുകയും ഇന്ത്യ ചരിത്ര വിജയം നേടുകയും ചെയ്ത ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരം നടക്കുമ്പോള്‍ ഒഴിഞ്ഞുകിടന്ന ഗാലറി കേരളത്തിന് മൊത്തം നാണക്കേടായി മാറിയിരിക്കുകയാണ്.

നാല്‍പതിനായിരത്തില്‍ അധികം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഇന്ത്യ- ശ്രീലങ്ക മത്സരത്തില്‍ വിറ്റുപോയത് വെറും 6,200 ടിക്കറ്റുകള്‍ മാത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആളൊഴിഞ്ഞ ഗാലറിയെ കുറിച്ച് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകളും കൊഴുത്തു. എന്തുകൊണ്ടാണ് ഇത്തവണ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികളുടെ ദൗര്‍ലഭ്യം ഉണ്ടായത് എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഭാവിയില്‍ കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ വരാതിരിക്കാന്‍ പോലും ഇത് കാരണമായേക്കാം.

Read Also: ഗ്രീൻഫീൽഡിൽ ചരിത്രം കുറിച്ച് ഇന്ത്യ; കാണാം ആ വിജയ നിമിഷങ്ങൾ

കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയാണ് വലിയ തിരിച്ചടിയായത് എന്നാണ് ഒരു വിഭാഗം ആളുകളുടെ വിമര്‍ശനം. പട്ടിണി കിടക്കുന്നവന്‍ കളി കാണണ്ട എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വിനോദ നികുതി സംബന്ധിച്ച ചോദ്യത്തിനോടായിരുന്നു പ്രതികരണം. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതുകൊണ്ട് മാത്രമാണ് മത്സരം കാണാന്‍ ആളുകള്‍ എത്താതിരുന്നത് എന്ന് പറയാന്‍ കഴിയില്ല. കാരണം, കളി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മന്ത്രിയുടേയോ രാഷ്ട്രീയ നേതാവിന്റേയോ പ്രസ്താവന കേട്ട് അതില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യത വളരെ കുറവാണ്. 

പക്ഷേ, ആളുകള്‍ കുറയാന്‍ മറ്റ് പല കാരണങ്ങളും കൂടി ഉണ്ട്. ഏകദിന മത്സരങ്ങളിൽ ഒരു ദിവസം മുഴുവന്‍ കളികാണാന്‍ ചെലവഴിക്കേണ്ട സ്ഥിതിയാണ്. പണ്ട് അഞ്ച് ദിനവം നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങളും പിന്നീട് ത്രിദിന ടെസ്റ്റ് മത്സരങ്ങളും കണ്ണിമവെട്ടാതെ കണ്ടിരുന്ന ആരാധകരല്ല ഇപ്പോഴുള്ളത് എന്ന് ഓർക്കണം. തിരുവനന്തപുരത്ത് നിന്നുള്ളവര്‍ക്ക് പോലും ഈ ദിവസം മറ്റൊന്നിനും ഉപയോഗിക്കാന്‍ ആവില്ല. മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തുടങ്ങിയതെങ്കിലും, ടിക്കറ്റ് എടുത്തവര്‍ രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ സ്റ്റേഡിയത്തില്‍ എത്തേണ്ടതുണ്ട്. പിന്നെ, രാത്രി വരെ നീണ്ടു നില്‍ക്കുന്ന കളി. അതിനിടയിലുള്ള ഭക്ഷണം, തിരിച്ചുപോക്ക്... ഇതെല്ലാം ചിന്തിക്കുമ്പോള്‍ ആളുകള്‍ പിറകോട്ടടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

Read Also: സച്ചിന്റെ ആ റെക്കോർഡും കോലി മറികടന്നു; വിരാട് കോലിക്ക് കരിയറിലെ 73-ാം സെഞ്ചുറി

അതെല്ലാം ഒരുപക്ഷേ മാറ്റിവയ്ക്കുമായിരുന്നു. ഈ മത്സരം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഒരുപോലെ നിര്‍ണായകം ആയിരുന്നെങ്കില്‍. പക്ഷേ, അതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ടീം കേരളത്തിലെത്തിയത്. ആകാംക്ഷകള്‍ക്കൊന്നും സാധ്യതയില്ലെന്ന മുന്‍വിധിയും ആരാധകരെ വീട്ടിലിരുത്തിയിരിക്കാം എന്ന് കരുതേണ്ടി വരും.

ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളികള്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുമായിരുന്നു. സഞ്ജു സാംസണിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍. പക്ഷേ, സഞ്ജു പരിക്കേറ്റ് പുറത്തായതോടെ ആ സാധ്യതയും അടയുകയായിരുന്നു. എന്തുകൊണ്ടായാലും ആ കളി കാണേണ്ടെന്ന് തീരുമാനിച്ചവര്‍ക്ക് അത് വലിയ നഷ്ടം തന്നെ ആയിരുന്നു. കോലിയുടേയും സിറാജിന്റേയും അതിഗംഭീരമായ പ്രകടനം അതിന്റെ ഗരിമയോടെ കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതൊന്നുമല്ലാതെ ശബരിമല സീസൺ കാണികളുടെ വരവിനെ ബാധിച്ചു എന്ന് പറയുന്നവരുണ്ട്. സിബിഎസ്ഇ ബോർഡ് പരീക്ഷയും തിരിച്ചടിയായതായി കരുതുന്നവരും ഉണ്ട്. 

മന്ത്രിയുടെ പരാമര്‍ശമോ, സഞ്ജുവിന്റെ അസാന്നിധ്യമോ എന്തുമാകട്ടെ, യുവരാജ് സിങ് ചോദിച്ച ചോദ്യം എപ്പോഴും പ്രസക്തമാണ്. ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ ഭാവി എന്താണ് എന്നത്? അത് ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News