തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ച് നാല് വയസുകാരി ഉൾപ്പടെ 5 പേർ മരിച്ചു. ഇതിൽ നാല് പേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച് വൺ എൻ വൺ ബാധിച്ചുമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം.
തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ പനി ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച കുട്ടിയെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: അമ്മയെ കാത്തിരുന്നു, 13 ദിവസം കഴിഞ്ഞും അമ്മ വന്നില്ല; കുട്ടിക്കൊമ്പൻ ചരിഞ്ഞു
12,776 പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്. ഇതോടെ ആകെ പനി ബാധിച്ച ചികിത്സ തേടിയവരുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്. തിങ്കളാഴ്ച മാത്രം 15,493 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഞായറാഴ്ചത്തെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയുള്ള കണക്കാണ് തിങ്കളാഴ്ച പുറത്തുവിടുന്നത്. വിവിധ ജില്ലകളിലായി 300ലധികം ആളുകൾക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആരോഗ്യമന്ത്രി വീണാ ജോർജ് അടുത്തിടെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ജനുവരി മുതൽ ജൂൺ വരെ 2863 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതിൽ 7 പേരാണ് മരിച്ചത്. ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികൾ ഈ വർഷം ജൂൺ 20 വരെ ബാധിച്ചത് 7906 പേർക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ 22 പേർ മരിച്ചു. ഇതിന് മുമ്പ് 2013ലും 2017ലും ആണ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
കോവിഡ് കുറഞ്ഞു നിൽക്കുന്ന 2023ൽ ഡെങ്കി കേസുകളിൽ വർധന ഉണ്ടാകുമെന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. 2017ൽ ഔട്ട്ബ്രേക്ക് ഉണ്ടായ ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകളിൽ വലിയ വർധന കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ ജൂലൈ മാസത്തിൽ കേസുകൾ വലിയ തോതിൽ വർധിക്കാതിരിക്കാൻ എല്ലാ പ്രതിരോധവും ഡെങ്കിപ്പനിക്കും മറ്റ് കൊതുകജന്യ രോഗങ്ങൾക്ക് എതിരെയും തീർക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മണ്ണിലും ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കുന്നു എന്ന് ഉറപ്പാക്കണം. പനിയുള്ളവർ ഡോക്ടറെ കാണണമെന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാവരും ആശുപത്രികളിലേക്ക് എത്തുന്നു എന്നതും ചികിത്സ തേടുന്നു എന്നുള്ളതുമാണ് ആശുപത്രികളിൽ നിന്നുള്ള വിവരങ്ങളിലൂടെ മനസ്സിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...