'32 വർഷത്തെ കാവൽ', ടെക്നോപാർക്കിൽ നിന്ന് കുറുപ്പേട്ടൻ പടിയിറങ്ങുന്നു, യാത്രയയപ്പ് നൽകാൻ ഒരുങ്ങി ടെക്കികൾ

പഠനം കഴിഞ്ഞ് വീട്ടിൽ അനുബന്ധ കൃഷി പരിപാടികളുമായി കഴിയവേയാണ് കുറുപ്പേട്ടന് ടെക്നോപാർക്കിൽ നിന്നുള്ള ഓഫർ ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 09:00 PM IST
  • ജോലിക്ക് കയറിയ ആദ്യ വർഷം വെറും 600 രൂപയായിരുന്നു മാസ ശമ്പളം.
  • സുരക്ഷാ ജീവനക്കാരൻ എന്നതായിരുന്നു ആദ്യത്തെ ചുമതല.
  • പഴയകാല പ്രതാപത്തിൽ നിന്ന് പടുകൂറ്റൻ ക്യാമ്പസായി ടെക്നോപാർക്ക് മാറിയപ്പോൾ കുറുപ്പേട്ടനും അതിനൊപ്പം വളർന്നു.
'32 വർഷത്തെ കാവൽ', ടെക്നോപാർക്കിൽ നിന്ന് കുറുപ്പേട്ടൻ പടിയിറങ്ങുന്നു, യാത്രയയപ്പ് നൽകാൻ ഒരുങ്ങി ടെക്കികൾ

തിരുവനന്തപുരം: ടെക്നോപാർക്കിലെ സുരക്ഷാ ജോലിയിൽ നിന്ന് കുറുപ്പേട്ടൻ പടിയിറങ്ങുകയാണ്. സ്ഥാപനത്തിൻ്റെ തുടക്കം മുതൽ ഇന്നുവരെയുള്ള വളർച്ചകൾക്ക് സാക്ഷിയായ മോഹനക്കുറുപ്പ് ജനുവരി 31ന് വിരമിക്കും. 32 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് പ്രിയപ്പെട്ട ടെക്കികളുടെ കുറുപ്പേട്ടൻ പടിയിറങ്ങുന്നത്. മോഹനകുറുപ്പിന് യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് ടെക്നോപാർക്കിലെ വിവിധ കമ്പനികൾ.

പത്തനംതിട്ട പന്തളം തെക്കേക്കര സ്വദേശിയായ മോഹന കുറുപ്പിന്റെ വിദ്യാഭ്യാസം എസ്എസ്എല്‍സിയാണ്. പഠനം കഴിഞ്ഞ് വീട്ടിൽ അനുബന്ധ കൃഷി പരിപാടികളുമായി കഴിയവേയാണ് കുറുപ്പേട്ടന് ടെക്നോപാർക്കിൽ നിന്നുള്ള ഓഫർ ലഭിക്കുന്നത്. സുരക്ഷാചുമതലയുള്ള ജീവനക്കാരനായിട്ടായിരുന്നു ഇദ്ദേഹത്തെ കമ്പനി വിളിക്കുന്നത്. കുറുപ്പേട്ടൻ ഓഫർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി. തുടർന്ന്, 1990 ജനുവരി ഒന്നിന് തിരുവനന്തപുരത്തെ ഏജന്‍സി മുഖേനയാണ് ടെക്‌നോപാര്‍ക്കിന്റെ സുരക്ഷാ ജീവനക്കാരനായത്. 

തുടക്കകാലത്ത് വൈദ്യുതി പോലുമില്ലാതിരുന്ന കമ്പനിയിൽ മണ്ണെണ്ണവിളക്കിൻ്റെ സഹായത്തോടെയായിരുന്നു  കാവൽക്കാരനായി ഇദ്ദേഹം ജോലി നോക്കിയിരുന്നത്. ആദ്യഘട്ടത്തിൽ ഓഫീസ് വഴുതക്കാടുള്ള കെട്ടിടത്തിലായിരുന്നു. 

Also Read: Vaccination for Children | സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം പിന്നിട്ടു, നേട്ടം 12 ദിവസം കൊണ്ട്

കുറുപ്പ് അടക്കം അഞ്ച് സുരക്ഷാ ജീവനക്കാരും ഒൻപത് ഓഫീസ് ജീവനക്കാരും രണ്ട് ശുചീകരണ തൊഴിലാളികളുമാണ് അന്നുണ്ടായിരുന്നത്. പഴയകാല പ്രതാപത്തിൽ നിന്ന് പടുകൂറ്റൻ ക്യാമ്പസായി ടെക്നോപാർക്ക് മാറിയപ്പോൾ കുറുപ്പേട്ടനും അതിനൊപ്പം വളർന്നു. ഇന്ന് മോഹനകുറുപ്പിനെ അറിയാത്ത ആരും തന്നെ ക്യാമ്പസിൽ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം.

ഒരു വർഷം മാത്രമാണ് പാർക്ക് ക്യാമ്പസ് വഴുതക്കാട്ടെ കെട്ടിടത്തിൽ പ്രവർത്തിച്ചത്. അതിനടുത്ത വർഷം കഴക്കൂട്ടം കാര്യവട്ടത്തെ വൈദ്യൻകുന്ന് ടെക്‌നോപാര്‍ക്കിനായി ഏറ്റെടുത്തു. വിഷ പാമ്പുകളും, മയക്കുമരുന്ന് ഗുണ്ടാസംഘങ്ങളും വാണരുളിയിരുന്ന ഇവിടെ നിറയെ പറങ്കിമാവായിരുന്നു. മോഹനകുറുപ്പ് ഉള്‍പ്പെടെ 15 സുരക്ഷാ ജീവനക്കാരായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ ഇവിടെ ഉണ്ടായിരുന്നത്.

ഇവരുടെയും കഴക്കൂട്ടം പോലീസിന്റെയും നിരന്തരമായ ഇടപെടലില്‍ സാമൂഹ്യ വിരുദ്ധരൊക്കെ ഒടുവില്‍ ഇവിടം വിട്ടുപോയി. കുന്നിൻ മുകളിലെ ഓലപ്പുരയില്‍ രാത്രിയില്‍ മണ്ണെണ വിളക്ക് കത്തിച്ചായിരുന്നു ആദ്യ കാലങ്ങളില്‍ ഇവര്‍ കാവല്‍ നിന്നത്. കുടിവെള്ളം പോലും കിട്ടാതിരുന്ന ഇവിടേക്ക് ഒരുപാട് കഷ്ടപ്പെട്ട് പലയിടങ്ങളില്‍ നിന്ന് പോയി വെള്ളം ശേഖരിച്ചു കൊണ്ട് വന്നാണ് ആഹാരം പാചകം ചെയ്ത് കഴിച്ചിരുന്നത്.

 Also Read: ഓൺലൈൻ ക്ലാസുകൾക്കായി പുതിയ ടൈംടേബിൾ; പരീക്ഷകൾക്ക് മാറ്റമില്ലെന്നും മന്ത്രി വി ശിവൻകുട്ടി

ജോലിക്ക് കയറിയ ആദ്യ വർഷം വെറും 600 രൂപയായിരുന്നു മാസ ശമ്പളം. സുരക്ഷാ ജീവനക്കാരൻ എന്നതായിരുന്നു ആദ്യത്തെ ചുമതല. എന്നാൽ, അടുത്ത വർഷം മുതൽ ശമ്പളത്തിൽ ചെറിയ മാറ്റം ഉണ്ടായി. പിന്നീട് അങ്ങനെ ടെക്നോപാർക്ക് വളരുന്നതിനനുസരിച്ച് കുറുപ്പേട്ടനെയും കമ്പനി ഒപ്പം കൂട്ടി. 

മക്കളുടെ വിദ്യാഭ്യാസവും കുടുംബ ചിലവും അടക്കമുള്ള കാര്യങ്ങൾ നോക്കിയിരുന്നത് തുച്ഛമായി ലഭിക്കുന്ന വരുമാനത്തിൽ നിന്നായിരുന്നു. മകനെ സിവില്‍ എഞ്ചിനീയറാക്കാന്‍ കഴിഞ്ഞതിലും മകളെ ബിടെക്കിന് പഠിപ്പിക്കാന്‍ കഴിഞ്ഞതും ടെക്‌നോപാര്‍ക്കിന് കാവൽ നിന്നതു കൊണ്ട് തന്നെയാണെന്ന് അഭിമാനത്തോടെ പറയുകയാണ് മോഹനകുറുപ്പ്. 

പട്ടിണി കിടക്കാതെ തൻ്റെയും കുടുംബത്തിൻ്റെയും ജീവിതം ഇവിടം വരെ എത്തിച്ചത് ഈ മഹാസ്ഥാപനമാണെന്നാണ് കുറുപ്പേട്ടൻ പറഞ്ഞുവയ്ക്കുന്നത്. ചെറിയ ചെറിയ പ്രതിസന്ധികൾ ആദ്യഘട്ടത്തിൽ ഉണ്ടായെങ്കിൽ പോലും അതൊക്കെ തരണം ചെയ്തു ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞുവെന്നതിലും വലിയ ചാരിതാർത്ഥ്യമുണ്ടെന്ന് കുറുപ്പിൻ്റെ പക്ഷം.

ഭാര്യയും മക്കളും നാട്ടിൽ താമസിക്കുമ്പോൾ 1995 മുതൽ കഴക്കൂട്ടത്തെ വാടക കെട്ടിടങ്ങളിലായിരുന്നു കുറുപ്പ് താമസിച്ചിരുന്നത്. ജീവിതസഖി ജലജകുമാരി പന്തളത്തെ അങ്കണവാടിയിൽ ടീച്ചറാണ്. ജിതിൻ മോഹൻ, ജിതി മോഹൻ എന്നിവരാണ് മക്കൾ. 32 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം ഇദ്ദേഹം പടിയിറങ്ങുമ്പോൾ ടെക്കികളുടെ മനസ്സിലുമുണ്ട് തങ്ങളുടെ കുറുപ്പേട്ടൻ പിരിഞ്ഞു പോകുന്നതിലുള്ള സങ്കടം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News